കൊച്ചി: പറവൂരിലെ സി.പി.എം. ബ്രാഞ്ച് അംഗത്തിന്റെ ആത്മഹത്യക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് സി.പി.എം. ഇന്നലെയാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജില്‍ സി.പി.എം. ബ്രാഞ്ച് അംഗം പറവൂര്‍ നന്ത്യാട്ടുകുന്നം അഞ്ചന്‍ച്ചേരില്‍ തമ്പി(64)യെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
മരിച്ച തമ്പിയുടെ സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സി.പി.എം. പറവൂര്‍ ഏരിയാ സെക്രട്ടറി ടി.ആര്‍. ബോസ് പറഞ്ഞു. സാമ്പത്തിക അരാജകത്വം പാര്‍ട്ടി അംഗീകരിക്കില്ല. തമ്പിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ പാര്‍ട്ടിയില്‍ നിന്ന് പരാതി കിട്ടിയിരുന്നു.
ഈ പരാതി ലോക്കല്‍ കമ്മിറ്റി പരിഗണിച്ചിരുന്നു. പണം തിരികെ നല്‍കണമെന്ന് പാര്‍ട്ടി തമ്പിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പണം സെപ്റ്റംബര്‍ 25ന് നല്‍കാമെന്ന് തമ്പി ഉറപ്പു നല്‍കിയിരുന്നു.
പാര്‍ട്ടി ഒരു തരത്തിലുള്ള സമ്മര്‍ദവും തമ്പിക്ക് മേല്‍ ചെലുത്തിയിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും ആത്മഹത്യാക്കുറിപ്പ് എഴുതിയതിനു ശേഷമാണ് തമ്പി ആത്മഹത്യ ചെയ്തത്. നാലു പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.