തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സി.പി.എമ്മിനും എതിരെ കലാപക്കൊടി ഉയ‍ർത്തി ഇടത് മുന്നണിയിൽ നിന്ന് പുറത്താക്കപ്പെട്ട പി.വി. അൻവറിൻെറ നിയമസഭയിലെ ഇരിപ്പിടം ഇനി പ്രതിപക്ഷ നിരയിൽ.
ഇടതുപക്ഷ മുന്നണിയുടെ പാർലമെന്ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് കാണിച്ച് സി.പി.എം നിയമസഭാ കക്ഷി  സെക്രട്ടറി ടി.പി. രാമകൃഷ്ണൻ കത്ത് നൽകിയതിനെ തുട‍ർന്നാണ് അൻവറിൻെറ ഇരിപ്പിടം ഭരണപക്ഷ ബഞ്ചിൽ നിന്ന് പ്രതിപക്ഷ നിരയിലേക്ക് മാറിയത്.
മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫിൻെറ സമീപത്താണ് അൻവറിൻെറ സീറ്റ്. ഭരണപക്ഷത്തുമല്ല, പ്രതിപക്ഷത്തുമല്ല എന്ന് പ്രഖ്യാപിച്ച് നിയമസഭയിൽ രണ്ട് മുന്നണികളുടെയും നടുക്ക് ഇരിക്കുമെന്നായിരുന്നു അൻവറിൻെറ പ്രഖ്യാപനം. എന്നാൽ നിയമസഭയിലെ എം.എൽ.എമാരുടെ ഇരിപ്പിട ക്രമീകരണം അനുസരിച്ച് അത് സാധ്യമല്ല.
സ്പീക്കറുടെ വലത് ഭാഗത്താണ് ഭരണപക്ഷത്തിൻെറ സീറ്റ്. മുൻനിരയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന രണ്ട് നിരയാണ് ട്രഷറി ബഞ്ച് എന്ന് അറിയപ്പെടുന്നത്. കാബിനറ്റ് റാങ്കുളള ചീഫ് വിപ്പിനും രണ്ടാം നിരയിൽ സീറ്റ് ലഭിക്കും. ബാക്കിയുളള ഭരണകക്ഷി എം.എൽ.എമാരെ സഭയിലെ സീനിയോറിറ്റി അനുസരിച്ചാണ് ഇരുത്തിയിരിക്കുന്നത്.
നിലവിൽ ഇടത് മുന്നണിക്ക് 98 എം.എൽ.എമാരുളളതിനാൽ സ്പീക്കറുടെ വലത് ഭാഗത്തെ ഇരിപ്പിടങ്ങളും കഴിഞ്ഞ് പ്രതിപക്ഷ അംഗങ്ങൾ ഇരിക്കുന്ന ഇടത് ഭാഗത്തേക്കും ഭരണകക്ഷി എം.എൽ.എമാർക്ക് സീറ്റ് നൽകിയിട്ടുണ്ട്. സി.പി.ഐ എം.എൽ.എമാരാണ് പ്രതിപക്ഷനിരയോട് അടുത്ത് ഇരിക്കുന്നത്.

സി.പി.ഐ എം.എൽ.എമാർക്ക് പിന്നിലായിട്ടാണ് പി.വി.അൻവറിൻെറ പുതിയ സീറ്റ്. പ്രതിപക്ഷ നിരയിലെ പിൻസീറ്റുകാരനാണ് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ്. അദ്ദേഹത്തിന് സമീപത്തെ സീറ്റിലേക്ക് അൻവർ എത്തുമ്പോൾ പുതിയ രാഷ്ട്രീയ സൗഹൃദത്തിൻെറ തുടക്കമാകുമോ എന്നാണ് അറിയാനുളളത്.

പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് നാളെ തുടക്കമാകുകയാണ്.എന്നാൽ രാഷ്ട്രീയ വിവാദത്തിന് തിരകൊളുത്തിക്കൊണ്ട് ഭരണമുന്നണിയെ വിവാദത്തിലേക്ക് തളളിവിട്ട പി.വി.അൻവ‍ർ സഭാ സമ്മേളനത്തിൻെറ ആദ്യദിനം പങ്കെടുക്കില്ല.
വയനാട് ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് ചരമോപചാരം അ‍ർപ്പിക്കുകയല്ലാതെ നാളെ മറ്റ് അജണ്ടകളൊന്നും സമ്മേളനത്തിനില്ല. ഇതുകൊണ്ടാണ് അൻവ‍ർ പങ്കെടുക്കാത്തതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
ചൂടേറിയ വിഷയങ്ങൾ സഭാതലത്തെ ചൂട് പിടിപ്പിക്കുന്ന തിങ്കളാഴ്ച മുതൽ അൻവ‍ർ സഭയിലെത്തും. പൂരം കലക്കലും ഉന്നത പൊലിസ് മേധാവികൾക്കെതിരായ ആരോപണങ്ങളും ആ‍ർ.എസ്.എസ് നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയും ഉൾപ്പെടെയുളള  രാഷ്ട്രീയ വിവാദങ്ങൾ സഭാതലത്തെ ചൂട് പിടിപ്പിക്കുമ്പോൾ അൻവ‍ർ സ്വീകരിക്കുന്ന സമീപനം ശ്രദ്ധേയമാകുമെന്ന് തീ‍ർച്ചയാണ്.
സഭയ്ക്കുളളിലും അൻവർ ആക്രമണം അഴിച്ചുവിട്ടാൽ അത് ഭരണമുന്നണിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. നിയമ നിർമ്മാണമാണ് സഭാ സമ്മേളനത്തിൻെറ പ്രധാന അജണ്ടയെങ്കിലും രാഷ്ട്രീയ ആരോപണങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും സഭാ സമ്മേളനം വേദിയാകുമെന്ന് ഉറപ്പാണ്.

 പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റെ ആവനാഴിയിലെ പ്രധാന ആയുധം. സി.പി.ഐ വൈകാരിക പ്രശ്നമായി കണക്കാക്കുന്ന തൃശ്ശൂർ പൂരം കലക്കിയ സംഭവവും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ഇതും ആദ്യം ഉന്നയിച്ചത് പി.വി.അൻവറാണ്. പൂരം കലക്കലിൽ പൊലിസ് അന്വേഷമല്ല ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്ന് പ്രതിപക്ഷം നിയമ സഭയിൽ  ആവശ്യപ്പെടും.

മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻെറ കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പി.വി.അൻവറിനെ ഇടത് മുന്നണിയിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചെങ്കിലും സ്പീക്കറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിക്കുന്നത് ഇന്ന് മാത്രമാണ്
.വൈകിട്ട് നടത്തിയ പത്ര സമ്മേളനത്തിൽ അൻവറിൻെറ ഇരിപ്പിടം സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോൾ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു സ്പീക്ക‍ർ എ.എൻ.ഷംസീറിൻെറ മറുപടി.
ഇതിന് പിന്നാലെയാണ് അൻവറിനെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് അറിയിച്ച് കത്ത് നൽകിയത്. കത്ത് ലഭിച്ചതോടെ അൻവറിൻെറ ഇരിപ്പിടം സംബന്ധിച്ച് തീരുമാനം എടുക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *