‘നാഗചൈതന്യയും സാമന്തയും പിരിയാൻ കാരണം കെടിആർ’; സ്ത്രീ വിരുദ്ധ പരാമർശവുമായി തെലങ്കാന മന്ത്രി, സാമന്തയുടെ മറുപടി

ബെംഗളൂരു:നടി സമാന്തയ്ക്ക് എതിരെ കടുത്ത സ്ത്രീ വിരുദ്ധപരാമർശവുമായി തെലങ്കാന വനിതാമന്ത്രി. നാഗചൈതന്യയും
സാമന്ത റൂത്ത് പ്രഭുവും പിരിയാൻ കാരണം ബിആർഎസ് നേതാവ് കെടിആറെന്ന് മന്ത്രി കൊണ്ട സുരേഖ ആരോപിച്ചു. കെടിആർ വീട്ടിൽ ലഹരിപാർട്ടികൾ നടത്തുമായിരുന്നു. ഇതിലേക്ക് സാമന്തയെ അയക്കാൻ കെടിആർ നാഗാർജുനയോട് പറഞ്ഞുവെന്നും കൊണ്ട സുരേഖ ആരോപിച്ചു. ഇല്ലെങ്കിൽ നാഗാർജുനയുടെ എൻ കൺവെൻഷൻ സെന്‍റർ പൊളിക്കുന്നതുമായി മുന്നോട്ട് പോകുമെന്നും ഭീഷണി മുഴക്കി. നാഗാർജുന നാഗചൈതന്യയോട് സാമന്തയെ കെടിആറിന്‍റെ വീട്ടിലേക്ക് വിടാൻ പറഞ്ഞു.

ഇതിന് സാമന്ത വിസമ്മതിച്ചുവെന്നും ഇതാണ് നാഗചൈതന്യയും സാമന്തയും പിരിയാൻ കാരണമെന്ന് കൊണ്ട സുരേഖ ആരോപിച്ചു.എന്നാൽ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരണവുമായി നടി സാമന്ത രംഗത്തെത്തി. ശക്തമായ ഭാഷയിലാണ് സാമന്ത പ്രതികരിച്ചത്. രാഷ്ട്രീയലാഭങ്ങൾക്ക് വേണ്ടി തന്നെ കരുവാക്കരുതെന്ന് കൊണ്ട സുരേഖയോട് സാമന്ത പറഞ്ഞു. വേർപിരിയൽ തീർത്തും വ്യക്തിപരമാണെന്നും അതിൽ അനാവശ്യവായനകൾ നടത്തരുതെന്നും സാമന്ത പറഞ്ഞു.

പരസ്പരസമ്മതത്തോടെ വ്യക്തിപരമായ കാരണങ്ങളാലാണ് വേർപിരിഞ്ഞതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും സ്ത്രീകളെ വസ്തുക്കൾ മാത്രമായി കാണുന്ന സിനിമയിൽ പോരാടി ജീവിക്കുകയാണെന്നും സാമന്ത പറ‍ഞ്ഞു. അങ്ങനെയുള്ള തന്‍റെ ജീവിതത്തെ ചെറുതാക്കിക്കളയരുത്. മന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്തം കാണിക്കണമെന്നും സാമന്ത പോസ്റ്റിൽ വ്യക്തമാക്കി.പരാമർശം പിൻവലിക്കണമെന്ന് നാഗാർജുന അക്കിനേനി ആവശ്യപ്പെട്ടു. രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത മനുഷ്യരെക്കുറിച്ച് അനാവശ്യം പറയരുതെന്ന് നാഗാർജുന വ്യക്തമാക്കി.അവനവന്‍റെ രാഷ്ട്രീയലാഭത്തിന് വേണ്ടി സിനിമാതാരങ്ങളെ കരുവാക്കരുത്. അടിയന്തരമായി പ്രസ്താവന പിൻവലിക്കണമെന്നും നാഗാർജുന ‘എക്സിലെ’ കുറിപ്പിൽ വ്യക്തമാക്കി.

ലോറിക്ക് അർജുന്‍റെ പേരിടരുതെന്ന് അമ്മ; ‘മനാഫ് നടത്തുന്നത് പിആർ വര്‍ക്ക്, മുബീൻ ആത്മാര്‍ത്ഥയോടെ കൂടെ നിന്നു’

 

By admin