ഡ്യൂട്ടിസമയം കഴിഞ്ഞെന്ന് പൈലറ്റ്, ഇൻഡിഗോ വിമാനം അഞ്ചുമണിക്കൂർ വൈകി

ഡ്യൂട്ടിസമയം കഴിഞ്ഞെന്ന് വിശദീകരിച്ച് പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം അഞ്ചു മണിക്കൂർ വൈകി. പൂനെയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനമാണ് പൈലറ്റ് ഡ്യൂട്ടിക്ക് കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് മണിക്കൂറുകൾ വൈകിയത്. 

ഇതോടെ യാത്രക്കാർ രോഷാകുലരാവുകയും ജീവനക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. 

ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് അനുസരിച്ച്, സംഭവം നടന്നത് സെപ്റ്റംബർ 24 -നാണ്, എന്നാൽ, അടുത്തിടെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. തൻറെ ജോലിസമയം കഴിഞ്ഞു എന്ന കാരണം പറഞ്ഞ് പൈലറ്റ് ഡ്യൂട്ടിക്ക് കയറാൻ തയ്യാറാകാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

ഫ്ലൈറ്റ് റഡാർ 24 -ൽ നിന്നുള്ള ഡാറ്റ അനുസരിച്ച് വിമാനം പുലർച്ചെ 12.45 -ന് പൂനെയിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ, പുലർച്ചെ 5.44 -നാണ് വിമാനം പൂനെയിൽ നിന്നും പുറപ്പെട്ടത്. 6.50 ഓടെ ബെംഗളൂരുവിൽ ലാൻഡ് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ വലിയ വിമർശനമാണ് ഇൻഡിഗോ എയർലൈൻസിനെതിരെ ഉയർന്നത്.

എന്നാൽ, യാത്രക്കാരുടെ സുരക്ഷയ്ക്കായി പൈലറ്റിൻ്റെയും ക്രൂവിൻ്റെയും ഡ്യൂട്ടി സമയം സജ്ജീകരിച്ചിട്ടുണ്ടെന്ന് വീഡിയോയോട് പ്രതികരിച്ചുകൊണ്ട് വ്യോമയാന വിദഗ്ധൻ സഞ്ജയ് ലാസർ വിശദീകരിച്ചു. പൈലറ്റുമാർക്ക് അവരുടെ ഡ്യൂട്ടി സമയ പരിധിയിൽ കൂടുതൽ ജോലി ചെയ്യാൻ കഴിയില്ല എന്നും അങ്ങനെ ചെയ്താൽ അത് അവരുടെ ലൈസൻസിനെ ബാധിക്കുകയും പെനാൽറ്റി ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡ്യൂട്ടി പരിമിതികൾ സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ ആണെങ്കിലും, വിമാനക്കമ്പനിയുടെ ഉത്തരവാദിത്വമില്ലായ്മയിൽ യാത്രക്കാർ അതൃപ്തി പ്രകടിപ്പിച്ചു. വിശദീകരണം ആവശ്യപ്പെട്ട് യാത്രക്കാർ എഴുന്നേറ്റപ്പോൾ പൈലറ്റ് കോക്പിറ്റ് വാതിൽ അടയ്ക്കുന്നതും വൈറലായ വീഡിയോയിൽ കാണാം.

By admin