കംബോഡിയ: തൊഴിൽ തട്ടിപ്പുകളിൽ അകപ്പെട്ട് കംബോഡിയയില്‍ കുടുങ്ങിക്കിടന്ന ഭാരതീയരെ തിരികെയെത്തിച്ച് ഇന്ത്യൻ എംബസി.
കംബോഡിയൻ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യൻ എംബസി നടത്തിയ ഇടപെടലിലൂടെ ആണ് ഇവരെ നാട്ടിലെത്തിക്കാനായത്.
നിരവധി മലയാളികളുൾപ്പെടെ ആയിരക്കണക്കിന് പേരാണ് ഇവിടെ സൈബർ അടിമകളായി കുടുങ്ങിക്കിടക്കുന്നത്.
സെപ്റ്റംബർ 22 ന് ഇത്തരത്തിൽ തൊഴിൽ തട്ടിപ്പിൽ കുടുങ്ങിക്കിടന്നിരുന്ന 67 ഇന്ത്യൻ പൗരന്മാരെ എംബസിയുടെ മാർഗനിർദേശത്തെത്തുടർന്ന് കംബോഡിയൻ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ 30 പേരെ സെപ്റ്റംബറിൽ തന്നെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു.
ഒക്‌ടോബർ 1 ന് തിരിച്ചയച്ച 24 പേർ കഴിഞ്ഞ ദിവസം നാട്ടിലെത്തി. ബാക്കിയുള്ള 28 പേർ കുറച്ചുദിവസത്തിനകം തന്നെ നാട്ടിലെത്തുമെന്ന് എംബസി അറിയിച്ചു.
വ്യാജ ഏജൻ്റുമാരെ സൂക്ഷിക്കാൻ എംബസി ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി. സംശയാസ്‌പദമായ ഏജൻ്റുമാർ വഴിയും സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയും കംബോഡിയയിലും മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും തൊഴിൽ അവസരങ്ങൾ ഏറ്റെടുക്കുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകി.