ചണ്ഡീഗഢ്: ഹരിയാനയില്‍ ഒക്‌ടോബര്‍ 5ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയെ തൂത്തെറിയണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
അനീതിക്കും അക്രമങ്ങള്‍ക്കും അസത്യങ്ങള്‍ക്കും നേരെയുള്ള പോരാട്ടമാണിതെന്നും അവര്‍ പറഞ്ഞു. ഹരിയാനയിലെ ജുലാനയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും ഗുസ്‌തി താരവുമായ വിനേഷ് ഫോഗട്ടിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.
ബിജെപി സര്‍ക്കാര്‍ ജനങ്ങളെ എല്ലാ രംഗത്തും ചതിച്ചെന്ന് തൊഴിലില്ലായ്‌മയും അഗ്നിവീര്‍ പദ്ധതിയും കര്‍ഷകരുടെ ക്ഷേമവും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രിയങ്ക ആരോപിച്ചു. അവസരം നമുക്ക് വീണ്ടും ലഭിച്ചിരിക്കുകയാണ്.
കുരുക്ഷേത്ര യുദ്ധം പോലെ, ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന പോരാട്ടം പോലെയാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ അനീതിക്കും അസത്യത്തിനും അക്രമങ്ങളക്കുമെതിരെയുള്ള പോരാട്ടമാണിത്. നിങ്ങള്‍ തന്നെ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഒരു പറ്റം വ്യവസായികള്‍ക്ക് വേണ്ടിയാണ് നില കൊള്ളുന്നത്.
വാഗ്‌ദാനം ചെയ്‌തത് പോലെ ബിജെപി സര്‍ക്കാരിന് തൊഴിലവസരങ്ങള്‍ നല്‍കാനാകുന്നില്ല. എല്ലാം അദാനിക്കും അംബാനിക്കും വേണ്ടിയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.
രാജ്യത്തെ തുറമുഖങ്ങളും വ്യവസായങ്ങളും വിമാനത്താവളങ്ങളുമെല്ലാം വന്‍കിട വ്യവസായികള്‍ക്ക് തീറെഴുതിക്കഴിഞ്ഞു.
കാര്‍ഷിക രംഗത്തും ചെറുകിട വ്യവസായ രംഗത്തും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനാകുന്നില്ല. അവരുടെ നയങ്ങള്‍ തൊഴില്‍ സൃഷ്‌ടിക്കെതിരായതിനാലാണ് തൊഴിലവസരങ്ങള്‍ ഉണ്ടാകാത്തതെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *