1.5 ലക്ഷത്തിന്‍റെ ഐഫോണ്‍ കാഷ് ഓണ്‍ ഡെലിവറിയായി ഓർഡർ ചെയ്തു; ഫോണുമായി വന്ന ഡെലിവറി ബോയിയെ കൊന്ന് കനാലിൽ തള്ളി

ലഖ്നൌ: ഓർഡർ ചെയ്ത ഐഫോൺ വിതരണം ചെയ്യാനെത്തിയ ഡെലിവറി ബോയിയെ രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തി. കാഷ് ഓണ്‍ ഡെലിവറിയായി (സിഒഡി) ഓർഡർ ചെയ്ത  1.5 ലക്ഷം രൂപയുടെ ഐഫോണ്‍ വിതരണം ചെയ്യാനെത്തിയ 30കാരനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.  ഉത്തർപ്രദേശിലെ ചിൻഹാട്ടിലാണ് സംഭവം. മൃതദേഹം ഇന്ദിരാ കനാലിലാണ് തള്ളിയത്. മൃതദേഹം കണ്ടെത്താൻ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശശാങ്ക് സിംഗ് പറഞ്ഞു.

ചിൻഹാട്ട് സ്വദേശിയായ ഗജാനൻ ഫ്ലിപ്കാർട്ടിൽ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ ഓർഡർ ചെയ്തു. പാർസൽ എത്തുമ്പോൾ പണം നൽകുന്ന കാഷ് ഓണ്‍ ഡെലിവറി ഓപ്ഷനാണ് ഇയാൾ തെരഞ്ഞെടുത്തത്. സെപ്തംബർ 23 ന് നിഷാത്ഗഞ്ചിൽ നിന്നുള്ള ഡെലിവറി ബോയ് ഭരത് സാഹു ഫോണുമായി എത്തി. അപ്പോഴാണ് പണം നൽകാതെ ഫോണ്‍ കൈക്കലാക്കാൻ ഗജാനനും കൂട്ടാളിയും ചേർന്ന് ഭരത് സാഹുവിനെ കഴുത്ത് ഞെരിച്ച് കൊന്നത്. തുടർന്ന് ചാക്കിൽ കെട്ടി മൃതദേഹം കനാലിൽ തള്ളിയെന്നും പൊലീസ് പറയുന്നു. 

രണ്ട് ദിവസമായിട്ടും സാഹു വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് കുടുംബം സെപ്തംബർ 25ന് ചിൻഹട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സാഹുവിന്‍റെ ഫോണ്‍ കോൾ വിശദാംശങ്ങൾ പരിശോധിച്ചാണ് പൊലീസ് ഗജാനനിലേക്ക് എത്തിയത്. കൂട്ടാളി ആകാശിനെയും അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

എസ്ബിഐയുടെ ബ്രാഞ്ചെന്ന പേരിൽ പ്രവർത്തനം, നാട്ടുകാർക്ക് സംശയം തോന്നി പരാതി നൽകിയതോടെ പുറത്തായത് വൻ തട്ടിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin