കടുത്തുരുത്തി: വാടകയ്ക്ക് എടുത്ത കാര്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിച്ച കേസില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായെന്ന നിഗമനത്തില്‍ പോലീസ്. വാടകയ്‌ക്കെടുത്ത കാറുകള്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. 
കല്ലറ കിഴക്കേ താന്നിക്കാലായില്‍ കെ.വി. അജിമോനാ(42)ണ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. കെ.വി. അജിമോനെതിരെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, കുറവിലങ്ങാട്, കടുത്തുരുത്തി തുടങ്ങീ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
കഴിഞ്ഞ 22നാണു സംഭവം സംബന്ധിച്ച് പോലീസില്‍ പരാതികള്‍ ലഭിച്ചു തുടങ്ങിയത്. സംഭവം പുറത്തായതോടെ അജിമോന്‍ മൊബൈല്‍ ഓഫ് ചെയ്തു മുങ്ങുകയായിരുന്നു. ഇയാളുമായി അടുപ്പമുള്ള പലരേയും പോലീസ് ചോദ്യം ചെയ്തു വരുകയായിരുന്നു. ഏറ്റുമാനൂര്‍-10, കുറവിലങ്ങാട് -അഞ്ച്, കടുത്തുരുത്തി -നാല്, ഗാന്ധിനഗര്‍ -അഞ്ച് എന്നിങ്ങനെയാണു നിലവില്‍ പരാതിപ്പെട്ടിട്ടുള്ളവരുടെ എണ്ണം. 
കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തുവരുമെന്നാണു പോലീസ് കരുതുന്നത്. കാര്‍ വാടകയ്ക്കു നല്‍കിയിട്ടുള്ള പലരും നാട്ടിലില്ലാത്തതിനാലാണു പരാതി നല്‍കാന്‍ വൈകുന്നതെന്നറിയുന്നു. സംഭവം സംബന്ധിച്ചു പോലീസ് പറഞ്ഞത്.
വര്‍ഷങ്ങളായി റെന്റ് എ കാര്‍ ബിസിനസ് നടത്തുന്നയാളാണ് അജിമോന്‍. പലരും ഇയാളെ വിശ്വസിച്ചു വാഹനം വാടകയ്ക്കു നല്‍കിയിരുന്നു. ഒരുമാസത്തിലധികമായി വാടകയ്‌ക്കെടുക്കുന്ന കാറുകളോ വാടകയോ തിരികെ ലഭിക്കാതെ വന്നതോടെ തിരക്കി വന്നപ്പോഴാണു കാറുകള്‍ പലതും അജിമോന്റെ കൈവശമില്ലെന്ന വിവരം ഉടമകള്‍ അറിയുന്നത്. 
വാഹനങ്ങള്‍ ഓട്ടത്തിലാണെന്നാണ് അജിമോന്‍ ഉടമകളോട് പറഞ്ഞിരുന്നത്. ഇന്നോവ, സിഫ്റ്റ്, കിയോ, വാഗണ്‍ ആര്‍ തുടങ്ങിയ കാറുകളാണ് ഒന്നര ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള തുകയ്ക്കു പണയം വച്ചിരിക്കുന്നത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *