നീലംപേരൂര്‍: നീലംപേരൂര്‍ ഗ്രാമത്തില്‍ ഇന്നു പൂരം പടയണി രാവ്. ആയിരക്കണക്കിനാളുകളുടെ ആര്‍പ്പുവിളികളും ആരവങ്ങളുടെയും അകമ്പടിയോടെ ക്ഷേത്ര മൈതാനിയെ മാനസ സരോവരമാക്കി അന്നങ്ങള്‍ പറന്നിറങ്ങും.
വലിയന്നവും രണ്ട് ചെറിയ അന്നങ്ങളും 62 പുത്തനരയന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നതോടെ ക്ഷേത്രമൈതാനം വര്‍ണങ്ങളുടെയും ഭക്തിയുടേയും സംഗമ ഭൂമിയാകും. വലിയന്നത്തിന്റെ വരവോടെ ക്ഷേത്ര മൈതാനം ചൂട്ട് വെളിച്ചം പകര്‍ന്ന് നല്‍കുന്ന സൂര്യശോഭപ്രഭയില്‍ നിലയ്ക്കാത്ത ആര്‍പ്പുവിളികള്‍കൊണ്ടു മുഖരിതമാകും.
ദിവസങ്ങളായി ഊണും ഉറക്കവും ഉപേക്ഷിച്ച് ഭക്തജനങ്ങള്‍ കോലങ്ങളുടെയും അരയന്നങ്ങളുടെയും പണിപ്പുരയിലായിരുന്നു. രാവിലെ മുതല്‍ അവസാനഘട്ട മിനുക്കുപണിയില്‍ ഏര്‍പ്പെട്ടിരുന്ന ഭക്തജനങ്ങളെക്കൊണ്ട് ക്ഷേത്ര മൈതാനം സജീവമാണ്.
പടയണി ദിവസം എഴുന്നള്ളുന്ന വലിയ അന്നങ്ങളെ അണിയിച്ചൊരുക്കാന്‍ പ്രധാനമായും ചെത്തിപ്പൂവാണ് ഉപയോഗിക്കുന്നത്. ഇതിനായുള്ള ചിറമ്പുകുത്ത് ക്ഷേത്രത്തില്‍ ഭക്ത്യാദരവോടെ നടന്നു. 
കീറിയെടുത്ത വാഴപ്പോളയില്‍ ചെത്തിപ്പൂവ് അടര്‍ത്തി ഈര്‍ക്കിലിയില്‍ കോര്‍ക്കുന്നതാണ് ചിറമ്പ്കുത്ത്. നാട്ടിലെ ആണ്‍പെണ്‍ വ്യത്യസമില്ലാതെ കുട്ടികളും ഉള്‍പ്പെടെ ചേര്‍ന്നാണ് ചിറമ്പ്കുത്ത് നടത്തുന്നത്. നിറപ്പണികള്‍ക്കായുള്ള ചെത്തി പൂവ് സമീപവാസികളായ ഭക്ത ജനങ്ങളാണ് ക്ഷേത്രത്തില്‍ എത്തിക്കുന്നത്.
പൂരം പടയണിയുടെ വരവറിയിച്ച് അമ്പലക്കോട്ട ഇന്നലെ മകം പടയണി നാളില്‍ എഴുന്നള്ളിയെത്തി. ചേരമാന്‍ പെരുമാള്‍ കോവിലിലെത്തി ദേവസ്വം പ്രസിഡന്റിന്റെ അനുവാദം വാങ്ങിയ ശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഇന്ന് രാവിലെ മുതല്‍ അന്നങ്ങളുടെ നിറപണികള്‍ ആരംഭിച്ചു. 
ഉച്ചയ്ക്ക് 12ന് ഉച്ചപ്പൂജ, കൊട്ടിപ്പാടിസേവ, തുടര്‍ന്ന് പ്രസാദമൂട്ട്. രാത്രി 7.30ന് അത്താഴപൂജ, എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങാമുറിക്കല്‍, രാത്രി 10ന് കുടംപൂജകളി, 10.30ന് ക്ഷേത്രം മേല്‍ശാന്തി സര്‍വ പ്രായശ്ചിത്തം നടത്തും. തുടര്‍ന്ന് ദേവസ്വം പ്രസിഡന്റ് ചേരമാന്‍ പെരുമാള്‍ കോവിലിലെത്തി അനുവാദം വാങ്ങുന്നതോടെ പുത്തനന്നങ്ങളുടെ തിരുനടസമര്‍പ്പണം തുടങ്ങും. തുടര്‍ന്ന് പടയണികളത്തിലേക്കു വലിയന്നം എഴുന്നള്ളും.

By admin

Leave a Reply

Your email address will not be published. Required fields are marked *