ജയിക്കാൻ 2 ദിവസം തന്നെ ധാരാളം; അഞ്ചാം ദിനം തകർന്നടിഞ്ഞ് ബംഗ്ലാദേശ്; കാൺപൂർ ടെസ്റ്റിൽ വിജയത്തിനരികെ ഇന്ത്യ

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിലേക്ക് പന്തെറിഞ്ഞ് ഇന്ത്യ. 26-2 എന്ന സ്കോറില്‍ അവസാന ദിനം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന നിലയിലാണ്. 27 റണ്‍സോടെ മുഷ്ഫീഖുര്‍ റഹീമും റണ്ണൊന്നുമെടുക്കാതെ ഖാലിദ് അഹ്മദും ക്രീസില്‍. 1 വിക്കറ്റ് മാത്രം കൈയിലിരിക്കെ ബംഗ്ലാദേശിന് ഇപ്പോള്‍ 78 റണ്‍സിന്‍റെ ലീഡ് മാത്രമാണുള്ളത്.

അവസാന ദിനം സമനില പ്രതീക്ഷയില്‍ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചത് അശ്വിനാണ്. ആദ്യ ഇന്നിംഗ്സില്‍ അപരാജിത സെഞ്ചുറിയുമായി ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തിയ മോനിമുള്‍ ഹഖിനെ(2) ലെഗ് സ്ലിപ്പില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചാണ് അശ്വിന്‍ ബംഗ്ലാദേശിന്‍റെ തകര്‍ച്ചക്ക് വഴിമരുന്നിട്ടത്. ആദ്യ ഇന്നിംഗ്സില്‍ അശ്വിനെതിരെ സ്വീപ് ഷോട്ട് കളിച്ച് റണ്‍സടിച്ച മോനിമുളിനെ പൂട്ടാല്‍ ലെഗ് സ്ലിപ്പ് ഇടാനുള്ള രോഹിത്തിന്‍റെ തന്ത്രമാണ് ഫലം കണ്ടത്. നജ്മുൾ ഹൊസൈന്‍ ഷാന്‍റോയും(19) ഓപ്പണര്‍ ഷദ്നാന്‍ ഇസ്ലാമും പിടിച്ചു നിന്നതോടെ ഇന്ത്യക്ക് സമ്മര്‍ദ്ദമായി.

 

ഇരുവരും ചേര്‍ന്ന് ഒന്നാം ഇന്നിംഗ്സ് കടം വീട്ടിയതിനൊപ്പം ബംഗ്ലാദേശിനെ 91 റണ്‍സിലെത്തിച്ചു. എന്നാല്‍ ഷാന്‍റോയെ വീഴ്ത്തി രവീന്ദ്ര ജഡേജ ഇന്ത്യക്ക് ഭീഷണിയായ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അര്‍ധസെഞ്ചുറി തികച്ച ഷദ്നാൻ ഇസ്ലാമിനെ(50) ആകാശ് ദീപ് സ്ലിപ്പില്‍ യശസ്വി ജയ്സ്വാളിന്‍റെ കൈകളിലെത്തിച്ചു. രണ്ട് ഓവറുകളുടെ ഇടവേളയില്‍ ലിറ്റണ്‍ ദാസിനെയും ഷാക്കിബ് അൽ ഹസനെയും വീഴ്ത്തിയ ജഡേജ ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ബംഗ്ലാദേശ് 91-3ല്‍ നിന്ന് 94-7ലേക്ക് കൂപ്പുകുത്തി.

എന്നാല്‍ പിടിച്ചു നിന്ന മെഹ്ദി ഹസന്‍ മിറാസും മുഷ്ഫീഖുര്‍ റഹീമും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ബംഗ്ലദേശിനെ 100 കടത്തി. മുഷ്ഫീഖ‍ർ-മെഹ്ദി ഹസന്‍ കൂട്ടുകെട്ട് ഇന്ത്യക്ക് വെല്ലുവിളിയാകുന്നതിനിടെ ജസ്പ്രീത് ബുമ്ര ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. മെഹ്ദി ഹസനെ(9) ബുമ്ര വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് കൂട്ടുകെട്ട് പൊളിച്ചു.പിന്നാലെ തൈജുള്‍ ഇസ്ലാമിനെ(0) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin