വണ്ടർ ക്യാച്ചുകളുമായി രോഹിത്തും സിറാജും, സെഞ്ചുറിയുമായി പൊരുതി മൊനിമുൾ ഹഖ്; ബംഗ്ലാദേശിന് 6 വിക്കറ്റ് നഷ്ടം

കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ആറ് വിക്കറ്റ് നഷ്ടം. നാലാം ദിനം 107-3 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ബംഗ്ലാദേശ് ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ്. സെഞ്ചുറിയുമായി മോനിമുള്‍ ഹഖും ആറ് റണ്‍സുമായി മെഹ്ദി ഹസന്‍ മിറാസുമാണ് ക്രീസില്‍. മുഷ്ഫീഖുര്‍ റഹീം, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരാണ് നാലാം ദിനം ആദ്യ സെഷനില്‍ പുറത്തായത്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ആര്‍ അശ്വിനുമാണ് ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയത്.

മഴ മാറി നിന്ന നാലാം ദിനം107-3 എന്ന സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ബംഗ്ലാദേശിന് അധികം വൈകാതെ നാലാം വിക്കറ്റ് നഷ്ടമായി. നാലാം ദിനത്തിലെ ആറാം ഓവറില്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിച്ച് ചെയ്തശേഷം അകത്തേക്ക് തിരിഞ്ഞ ബുമ്രയുടെ ഇന്‍സ്വിംഗര്‍ ലീവ് ചെയ്ത മുഷ്ഫീഖുറിന് പിഴച്ചു. പന്ത് മുഷ്പീഖുറിന്‍റെ ബെയില്‍സിളക്കി. പിന്നീട് ക്രീസിലെത്തിയ ലിറ്റണ്‍ ദാസ് ആക്രമിച്ച് കളിക്കാനാണ് തുടക്കത്തില്‍ ശ്രമിച്ചത്. ബുമ്രക്കെതിരെ തുടക്കത്തിലെ മൂന്ന് ബൗണ്ടറി നേടിയ ലിറ്റണ്‍ ദാസ് പ്രതീക്ഷ നല്‍കി.

പിന്നാലെ മൊനിമുള്‍ അര്‍ധസെഞ്ചുറിയിലെത്തി. ജഡേജക്കെതിരെ തുടര്‍ച്ചയായി ബൗണ്ടറി നേടി മൊനിമുളും തകര്‍ത്തടിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് സിറാജിന്‍റെ പന്തില്‍ ലിറ്റണ്‍ ദാസിനെ രോഹിത് വണ്ടര്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. സിറാജിനെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച ലിറ്റണ്‍ ദാസിനെ രോഹിത് മിഡ് ഓഫില്‍ ഒറ്റക്കൈ കൊണ്ട് ചാടിപ്പിടിക്കുകയായിരുന്നു.

പിന്നീട് ക്രീസിലെത്തിയ ഷാക്കിബ് അല്‍ ഹസനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. അശ്വിനെ ബൗണ്ടി കടത്തിയതിന് പിന്നാലെ വീണ്ടും ക്രീസ് വിട്ടിറങ്ങി സിക്സ് പറത്താനുള്ള ഷാക്കിബിന്‍റെ ശ്രമം മുുഹമ്മദ് സിറാജ് പിന്നിലേക്ക് ഓടി പിടിച്ചു. ഇതോടെ ബംഗ്ലദേശ് തകര്‍ന്നടിയുമെന്ന് കരുതിയെങ്കിലും പിടിച്ചു നില്‍ക്കുന്ന മൊനിമുള്ഡ ഹഖും മെഹ്ദി ഹസന്‍ മിറാസും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ബംഗ്ലാദേശിന് 200 കടത്തി.172 പന്തിലാണ് മോനിമുള്‍ സെഞ്ചുറിയിലെത്തിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin