ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് മുമ്പ് താന്‍ മരിക്കില്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. ഇത് പകയുടെ കയ്‌പേറിയ പ്രകടനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഞായറാഴ്ച ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോഴാണ് ഖാര്‍ഗെ ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രിയോടുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കുള്ള വെറുപ്പും ഭയവും പ്രതിഫലിപ്പിക്കുന്നതാണ് ഖാര്‍ഗെയുടെ അഭിപ്രായമെന്ന് അമിത് ഷാ ആരോപിച്ചു.
അമിതമായ പകയോടെ പ്രധാനമന്ത്രി മോദിയെ തന്റെ വ്യക്തിപരമായ ആരോഗ്യ കാര്യങ്ങളിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നുവെന്നും അമിത്ഷാ ആരോപിച്ചു.
കത്വയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിളിന് ആദാരജ്ഞലി അര്‍പ്പിച്ച് സംസാരിക്കുന്നിനിടയെയാണ് ഖാര്‍ഗെയ്ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായത്.
സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ചേര്‍ത്ത് പിടിച്ച് വേദിയിലിരുത്തി. എന്നാല്‍ അല്‍പം വെള്ളം കുടിച്ചതിന് ശേഷം അദ്ദേഹം വീണ്ടും പ്രസംഗിക്കാനായി തിരികെയെത്തി.
‘സംസ്ഥാന പദവി പുനഃസ്ഥാപിക്കാനായി ഞങ്ങള്‍ ശക്തമായി പോരാടും. എനിക്ക് 83 വയസായി. ഞാന്‍ അത്ര പെട്ടെന്നൊന്നും മരിക്കില്ല. നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുന്നത് വരെ ഞാന്‍ ജീവനോടെ കാണുമെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.