ബാസ്ബോളൊക്കെ എന്ത്, ഇതല്ലേ ‘ഗംഭീര ഹിറ്റ്’, 147 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ഇങ്ങനെയൊരു റെക്കോര്‍ഡ് ആദ്യം

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ലോക റെക്കോര്‍ഡിട്ട് ഇന്ത്യ. ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 233 റണ്‍സിന് മറുപടി പറയാന്‍ ഇറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ചേര്‍ന്ന് തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ഹസന്‍ മെഹമൂദ് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച് തുടങ്ങിയ യശസ്വി ജയ്സ്വാള്‍ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ഇന്നിംഗ്സില്‍ നേരിട്ട ആദ്യ രണ്ട് പന്തും സിക്സിന് പറത്തിയ ക്യാപ്റ്റൻ രോഹിത് ശര്‍മ അത് ആളിക്കത്തിച്ചു. പിന്നീട് മൂന്നാം ഓവറില്‍ രോഹിത് ഒരു സിക്സും യശസ്വി ഒരു സിക്സും രണ്ട് ഫോറും കൂടി നേടിയതോട ഇന്ത്യ 3 ഓവറില്‍ അടിച്ചത് 51 റണ്‍സ്. ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീമിന്‍റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യയുടെ പേരിലായി.

മെഹ്ദി ഹസനെറിഞ്ഞ നാലാം ഓവറില്‍ ഒറു ബൗണ്ടറി കൂടി നേടി രോഹിത്(11 പന്തില്‍ 23) പുറത്തായെങ്കിലും യശസ്വിയും ഗില്ലും ചേര്‍ന്ന് അടിതുടര്‍ന്നു. 31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച യശസ്വി ടെസ്റ്റില്‍ ഇന്ത്യക്കാരന്‍റെ നാലാമത്തെ വേഗമേറിയ അര്‍ധസെഞ്ചുറി തികച്ചു.റിഷഭ് പന്ത് (28 പന്തില്‍), കപില്‍ ദേവ്(30 പന്തില്‍), ഷാര്‍ദ്ദുല്‍ താക്കര്‍(31) പന്തില്‍ എന്നിവരാണ് യശസ്വിയെക്കാള്‍ വേഗത്തില്‍ ടെസ്റ്റ് അര്‍ധസെഞ്ചുറി നേടിയ ഇന്ത്യക്കാര്‍.

മെഹ്ദി ഹസനെ സിക്സിന് പറത്തിയ യശസ്വി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന ടീമെന്ന നേട്ടം ഇന്ത്യയുടെ പേരിലാക്കി. 90 സിക്സുകളാണ് ഈ വര്‍ഷം ഇന്ത്യ ടെസ്റ്റില്‍ നിന്ന് അടിച്ചെടുത്തത്. 2022ല്‍89 സിക്സുകള്‍ അടിച്ചിരുന്ന ഇംഗ്ലണ്ടിന്‍റെ  റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. 2021ല്‍ ഇന്ത്യ 87 സിക്സുകള്‍ പറത്തിയിരുന്നു. പതിനൊന്നാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ജയ്സ്വാള്‍ ഇന്ത്യയെ 100 കടത്തി. ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീമിന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് യശസ്വിയും ഗില്ലും ചേര്‍ന്ന് അടിച്ചത്.

2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ തന്നെ 12.2 ഓവറില്‍ 100 റണ്‍സിലെത്തിയ റെക്കോര്‍ഡാണ് ഇന്ന് തിരുത്തിയെഴുതിയത്. പിന്നാമെ മെഹ്ദിയെ സിക്സിന് പറത്തി ഗില്ലും ഫോമിലായി. പതിനഞ്ചാം ഓവറില്‍ 51 പന്തില്‍ 71 റണ്‍സെടുത്ത യശസ്വിയെ പുറത്താക്കി ഹസന്‍ മെഹ്മൂദ് ബംഗ്ലാദേശിന് നേരിയ ആശ്വാസം നല്‍കി. നാലാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിലാണ്. ഓവറില്‍ 8.62 ശരാശരിയിലാണ് ഇന്ത്യ റണ്‍സടിച്ചു കൂട്ടുന്നത്. 30 പന്തില്‍ 37 റണ്‍സോടെ ഗില്ലും നാലു റണ്‍സുമായി റിഷഭ് പന്തും ക്രീസില്‍. ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ്  സ്കോര്‍ മറികടക്കാന്‍ എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിനി വേണ്ടത് 95 റണ്‍സ് മാത്രമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin