ദക്ഷിണാഫ്രിക്ക വീണ്ടും നാണംകെട്ടു, അഫ്ഗാനോട് തോറ്റതിന് പിന്നാലെ അയര്‍ലന്‍ഡിനോടും തോല്‍വി

അബുദാബി: അഫ്ഗാനിസ്ഥാനോട് ഏകദിന പരമ്പര തോറ്റതിന്‍റെ നാണക്കേട് മായും മുമ്പെ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ അയര്‍ലന്‍ഡിനോട് തോറ്റ് ദക്ഷിണാഫ്രിക്ക. ലോകകപ്പ് ഫൈനലില്‍ കളിച്ച ദക്ഷിണാഫ്രിക്കയെ 10 റണ്‍സിന് തോല്‍പ്പിച്ച അയര്‍ലന്‍ഡ് രണ്ട് മത്സര പരമ്പര സമനിലയാക്കി(1-1).  ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 8 വിക്കറ്റിന് ജയിച്ചിരുന്നു. ടി20 ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അയര്‍ലന്‍ഡിന്‍റെ ആദ്യ ജയമാണിത്.

ഇന്നലെ അബുദാബിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഓപ്പണര്‍ റോസ് അഡയറുടെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനായി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ പോള്‍ സ്റ്റെര്‍ലിങും(31 പന്തില്‍ 52) റോസ് അഡയറും ചേര്‍ന്ന്(58 പന്തില്‍ 100) ഓപ്പണിംഗ് വിക്കറ്റില്‍ 13 ഓവറില്‍ 137 റണ്‍സെടുത്തപ്പോള്‍ പിന്നീട് 20 റണ്‍സെടുത്ത ഡോക്‌റെല്‍ മാത്രമാണ് രണ്ടക്കം കടന്നത്.  അഡയര്‍ 58 പന്തില്‍ അഞ്ച് ഫോറും ഒമ്പത് സിക്സും പറത്തിയാണ് സെഞ്ചുറിയിലെത്തിയത്. സ്റ്റിര്‍ലിങ് 31 പന്തില്‍ 52 റണ്‍സെടുത്തു. ഇരുവരും പുറത്തായശേഷം 13 പന്തില്‍ 20 റണ്‍സെടുത്ത ഡോക്‌റെല്‍ മാത്രമാണ് തിളങ്ങിയുള്ളൂ എങ്കിലും അയര്‍ലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സിലെത്തി.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ റിയാന്‍ റിക്കിൾടണ്‍(22 പന്തില്‍ 36) റീസ ഹെന്‍ഡ്രിക്സ്(32 പന്തില്‍ 51), മാത്യു ബ്രീറ്റ്സെകെ(41 പന്തില്‍ 51) എന്നിവര്‍ മാത്രമെ തിളങ്ങിയുള്ളു. മൂന്ന് പേരൊഴികെ മറ്റാരും രണ്ടക്കം കാണാതിരുന്നതോടെ 12.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 121  റണ്‍സിലെത്തിയെങ്കിലും പിന്നീട് തകര്‍ന്നടിഞ്ഞു. ക്യാപ്റ്റന്‍ ഏയ്ഡൻ മാര്‍ക്രം(8), ട്രിസ്റ്റൻ സ്റ്റബ്സ്(9), വിയാന്‍ മുള്‍ഡര്‍(8), പാട്രിക് ക്രുഗര്‍(5) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡയര്‍ 31 റണ്‍സിന് നാലു വിക്കറ്റും ഗ്രഹാം ഹ്യൂം 31 റണ്‍സിന് 3 വിക്കറ്റുമെടുത്തു. ടി20 പരമ്പരക്ക് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്കയും അയര്‍ലന്‍ഡും ഏറ്റുമുട്ടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin