കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ നാടകീയമായി ഉറപ്പായ റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെട്ട് വിരാട് കോലി. ഇന്ത്യൻ ഇന്നിംഗ്സിലെ പത്തൊമ്പതാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. 2013നുശേഷം ആദ്യമായി അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ വിരാട് കോലിയും റിഷഭ് പന്തുമായിരുന്നു ക്രീസില്‍. ഖാലിദ് അഹമ്മദിന്‍റെ പന്തില്‍ ടൈമിംഗ് തെറ്റിയ കോലിയുടെ ഷോട്ടില്‍ പന്ത് ബാറ്റിലെ അണ്ടര്‍ എഡ്ജിലും പാഡിലും തട്ടി ക്രീസില്‍ തന്നെ വീണു.
എന്നാല്‍ ഈ സമയം നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് സിംഗിളിനായി റിഷഭ് പന്ത് വിളിച്ചതോടെ കോലി ക്രീസ് വിട്ടിറങ്ങി. കോലി നാലു ചുവട് മുന്നോട്ട് വെച്ചപ്പോഴേക്കും ഖാലിദ് അഹമ്മദ് പന്തെടുക്കാനായി ഓടിവരുന്നത് കണ്ട റിഷഭ് പന്ത് നോ പറഞ്ഞ് തിരിച്ചു നടന്നു. എന്നാല്‍ ഈ സമയം പിച്ചിന് ഏകദേശം പകുതിയിലെത്തിയ കോലിക്ക് തിരിച്ചുപോകാന്‍ യാതൊരു അവസരവുമില്ലായിരുന്നു. ഓടി വന്ന് പന്ത് കൈയിലെടുത്ത ഖാലിദ് അഹമ്മദ് സ്റ്റംപിന് സമീപമെത്തിയശേഷം പന്ത് സ്റ്റംപില്‍ തട്ടിക്കുന്നതിന് പകരം സ്റ്റംപിലേക്ക് എറിഞ്ഞു. എന്നാല്‍ പന്ത് സ്റ്റംപില്‍ കൊള്ളാതെ വിക്കറ്റ് കീപ്പറുടെ പാഡില്‍ തട്ടി പന്ത് തിരിച്ചു ക്രീസിലേക്ക് തന്നെ ഉരുണ്ടുവരുമ്പോഴേക്കും ജീവന്‍ കിട്ടിയെന്നറിഞ്ഞ കോലി സാവധാനം ക്രീസിലേക്ക് നടന്നു കയറി.
വ്യക്തിഗത സ്കോര്‍ രണ്ടില്‍ നില്‍ക്കുമ്പോഴായിരുന്നു കോലിയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍. കോലി റണ്ണൗട്ടാവാന്‍ പോവുന്നതുകണ്ട് തലയില്‍ കൈവെച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്. പിന്നീത് തന്‍റെ പിഴവെന്ന് ഏറ്റു പറഞ്ഞ റിഷഭ് പന്ത് കോലിയെ ആലിംഗനം ചെയ്ത് കലിപ്പടക്കി. ആദ്യ ടെസ്റ്റില്‍ ആറും 17ഉം റണ്‍സെടുത്ത് പുറത്തായ കോലി രണ്ടാം ടെസ്റ്റിലും നിരാശപ്പെടുത്തിയിരുന്നെങ്കില്‍ വമിര്‍ശനങ്ങള്‍ക്ക് ശക്തിയേറുമായിരുന്നു. കോലിയുടെ ഭാഗ്യം കണ്ട് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്, ഇത്തവണത്തെ ഓണം ബംപര്‍ ലോട്ടറി കൂടി കോലിയെടുത്താല്‍ ഉറപ്പായും അടിക്കുമെന്നാണ്. കാരണം, അത്ര ഭാഗ്യമാണ് കോലിയെ രക്ഷിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.
Luck favours the brave🫨
Kohli survives to hug it out with Pant in the middle! 😍#IDFCFirstBankTestSeries #JioCinemaSports #INDvBAN pic.twitter.com/XVDyR0ffD3
— JioCinema (@JioCinema) September 30, 2024
റണ്ണൗട്ടിന് പിന്നാലെ സ്റ്റംപിംഗ് അവസരത്തില്‍ നിന്നും കോലി പിന്നാലെ രക്ഷപ്പെട്ടിരുന്നു. തൈജുള്‍ ഇസ്ലാമിനെതിരെ സിക്സ് അടിച്ചതിന് പിന്നാലെയാണ് കോലിയെ സ്റ്റംപ് ചെയ്യാനുള്ള അവസരം ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസ് നഷ്ടമാക്കിയത്.