കാണ്‍പൂര്‍ ടെസ്റ്റ്: മഴ മാറി, മാനം തെളിഞ്ഞു; പക്ഷെ മൂന്നാം ദിനവും മത്സരം തുടങ്ങാന്‍ കാത്തിരിക്കണം

കാണ്‍പൂര്‍: ഇന്ത്യ-ബംഗ്ലാദേശ് കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തെ കളി നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം വൈകുന്നു. രാവിലെ 9.30ന് തുടങ്ങേണ്ട മത്സരം 10ന് അമ്പയര്‍മാരുടെ പരിശോന കഴിഞ്ഞാല്‍ മാത്രമെ എപ്പോള്‍ തുടങ്ങാനാവൂവെന്ന് വ്യക്തമാകു. മഴ മൂലം രണ്ടാം ദിനത്തിലെ കളി പൂര്‍ണമായും നഷ്ടമായിരുന്നു. ആദ്യദിനത്തിലും രണ്ട് സെഷനുകളോളം നഷ്ടമായ മത്സരത്തില്‍ ആകെ 35 ഓവര്‍ മാത്രമാണ് ഇതുവരെ കളി നടന്നത്.

ആദ്യ ദിനം ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യദിനം 107-3 എന്ന ഭേദപ്പെട്ട സ്കോറിലാണ് ബംഗ്ലാദേശ് ക്രീസ് വിട്ടത്. ആറ് റണ്‍സുമായി മുഷ്ഫീഖുര്‍ റഹീമും 40 റണ്‍സോടെ മൊനിമുള്‍ ഹഖുമാണ് ക്രീസിലുള്ളത്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷമാണ് ബംഗ്ലാദേശ് കരകയറിയത്. സാക്കിര്‍ ഹുസൈന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), ക്യാപ്റ്റൻ നജ്മുല്‍ ഹുസൈന്‍ ഷാന്‍റോ (28) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് ആദ്യ ദിനം നഷ്ടമായത്. ആകാശ് ദീപിനാണ് രണ്ട് വിക്കറ്റുകളും. ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. സാക്കിറിനെ റണ്‍സെടുക്കുന്നതിന് മുമ്പ് ആകാശ് ദീപ്, സ്ലിപ്പില്‍ യശസ്വി ജയ്സ്വാളിന്‍റെ കൈകളിലെത്തിച്ചു. 24 പന്തുകള്‍ നേരിട്ടെങ്കിലും സാക്കിറിന്  അക്കൗണ്ട് തുറക്കാനായിരുന്നില്ല. പിന്നാലെ സഹ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമും മടങ്ങി. ആകാശിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു ഷദ്മാന്‍. പിന്നീട് മൊമിനുല്‍ – നജ്മുള്‍ വിട്ടുപിരിയാത്ത സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷാന്‍റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ആര്‍ അശ്വിന്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin