മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ.
കോടതിയിലാണ് തന്റെ പ്രതീക്ഷയെന്നും സംസ്ഥാനത്ത് നടക്കുന്നത് പച്ചയായ അധികാര ദുര്‍വിനിയോഗമെന്നും എംഎല്‍എ പ്രതികരിച്ചു. തനിക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളിലും അന്വേഷണം നടക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കുന്നില്ല. ഇത് സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. 
എഡിജിപി എം ആര്‍ അജിത് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നില്ല. എഡിജിപിയെ തൊട്ടാല്‍ പൊള്ളുന്ന അവസ്ഥയാണുള്ളത്. എഡിജിപിയെ തൊട്ടാല്‍ ആര്‍ക്കൊക്കെ പൊള്ളുമെന്നത് കേരളം ചര്‍ച്ച ചെയ്യട്ടെയെന്നും ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ചെയ്യേണ്ട കാര്യങ്ങള്‍ താന്‍ ചെയ്യുകയാണെന്നും അന്‍വര്‍ പറഞ്ഞു.
തനിക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു. അതിലൂടെ തന്നെ ഭയപ്പെടുത്താനാണ് പാര്‍ട്ടി നോക്കിയത്. തന്നെ കൈകാര്യം ചെയ്യണമെന്ന് പാര്‍ട്ടി സെക്രട്ടറി ആഹ്വാനം ചെയ്തു. 
തങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തനിക്കെതിരെ മുദ്രവാക്യം വിളിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരും നേതൃത്വും നിസ്സഹായരാണ്. കഴിഞ്ഞ ദിവസം വരെ തന്റെ കൂടെ നിന്നവരാണവര്‍. തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നവര്‍ക്ക് പോയി പണി നോക്കാം. സോഷ്യല്‍ മീഡിയയിലെ ലൈക്ക് കണ്ട് ജീവിക്കുന്നവനല്ല താനെന്നും ബ്ലോക്ക് ക്യാംപെയ്നില്‍ പേടിയില്ലെന്നും അന്‍വര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *