ഹൈദരാബാദ്: തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക മല്ലുവിൻ്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. ഇവരിൽ നിന്ന് 2.2 ലക്ഷം രൂപയും സ്വർണ ബിസ്‌കറ്റും വിദേശ കറൻസിയും കണ്ടെടുത്തു.
ബിഹാർ സ്വദേശികളായ റോഷൻ കുമാർ മണ്ഡൽ, ഉദയ് കുമാർ താക്കൂർ എന്നീ പ്രതികളെ പശ്ചിമ ബംഗാളിലെ ഖരഗ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. പതിവ് പരിശോധനയ്ക്കിടെ പ്ലാറ്റ്‌ഫോമിൽ ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.
പ്രതികളിൽ നിന്ന് 2.2 ലക്ഷം രൂപ, 100 ഗ്രാം സ്വർണ ബിസ്‌ക്കറ്റ്, ബ്രിട്ടീഷ് പൗണ്ട്, യുഎഇ ദിർഹം, സ്വിസ് ഫ്രാങ്ക് എന്നിവ അടങ്ങുന്ന വിദേശ കറൻസി ഉൾപ്പെടെ മോഷ്ടിച്ച സാധനങ്ങൾ അധികൃതർ കണ്ടെടുത്തു. ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിക്രമാർക വിദേശത്തായിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
പ്രതികളിൽ നിന്ന് മോഷ്ടിക്കപ്പെട്ട വെള്ളി പാത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ അധിക വസ്തുക്കളും കണ്ടെടുത്തതായി റെയിൽവേ പൊലീസ് ഓഫീസർ ദേബശ്രീ സന്യാൽ പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇവരുടെ കുറ്റസമ്മതത്തെ തുടർന്ന് പശ്ചിമ ബംഗാൾ പൊലീസ് തെലങ്കാനയിലെ പൊലീസിനെ വിവരം അറിയിച്ചു. കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം നടന്നുവരികയാണ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *