തിരുവനന്തപുരം: യാഥാർത്ഥ്യവും സൃഷ്ടിക്കപ്പെടുന്ന പ്രതീതിയും തമ്മിലുള്ള അന്തരം തിരിച്ചറിയേണ്ട വിവാദപർവ്വത്തിലൂടെയാണ് കേരളരാഷ്ട്രീയം ഇന്നു കടന്നുപോകുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.
മാധ്യമങ്ങളുടെ കൺകെട്ടുവിദ്യയിൽ ഒരുവേള പരിഭ്രമിക്കുന്നവരുണ്ടാകും. എന്നാൽ, യാഥാർത്ഥ്യത്തെ പ്രതീതിയിൽ ആ‍ഴ്ത്തുന്നതിന് വലിയ ആയുസ്സുണ്ടാകില്ലെന്ന് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു. പിവി അന്‍വറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജോണ്‍ ബ്രിട്ടാസിന്റെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റ്:
യാഥാർത്ഥ്യവും സൃഷ്ടിക്കപ്പെടുന്ന പ്രതീതിയും തമ്മിലുള്ള അന്തരം തിരിച്ചറിയേണ്ട വിവാദപർവ്വത്തിലൂടെയാണ് കേരളരാഷ്ട്രീയം ഇന്നു കടന്നുപോകുന്നത്. ഇതേക്കുറിച്ച്, ഒരുപാടു പറയാനുണ്ടെങ്കിലും ചെറിയ ഒരേട് എടുത്തുകാട്ടാനാണ് ഈ കുറിപ്പ്, ഞാൻ കണ്ടതും അനുഭവിച്ചതുമായ കാര്യം.
ക‍ഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള രാഷ്ട്രീയസാഹചര്യം. തെരഞ്ഞെടുപ്പു ലാക്കാക്കി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാകർമ്മം സെക്കുലർ ഭരണഘടനയിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രി നിർവ്വഹിക്കുന്നു. പാർലമെന്റ് സമ്മേളനത്തിലുടനീളം അയോധ്യ കത്തിനില്ക്കുന്നു. നന്ദിപ്രമേയചർച്ചയിൽ മുതൽ ബില്ലുകൾക്കുമേലുള്ള വ്യവഹാരങ്ങളിൽ വരെ അയോധ്യയിൽ ഊന്നിയാണ് ബിജെപി അംഗങ്ങൾ സംസാരം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും.
സിപിഐ(എം)നെ പ്രതിനിധാനം ചെയ്ത് രാജ്യസഭയിൽ സംസാരിച്ച ഞാൻ ഊന്നിയ ഒരു കാര്യമുണ്ട്: “ശ്രീരാമൻ നിങ്ങളുടേതല്ല. സ്നേഹത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് രാമൻ. മഹാത്മാ ഗാന്ധിയുടേതാണ് രാമൻ. ആ ശ്രീരാമൻ ഞങ്ങളുടേതാണ്. നിങ്ങൾക്കൊരു രാമനുണ്ട്, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും.. അതു നാഥുറാമാണ്.”
ഒട്ടേറെ ഇടപെടലുകളെ അതിജീവിച്ചാണ് ഈ പ്രസംഗം ഞാൻ പൂർത്തിയാക്കിയത്. എന്നാൽ, എന്നെ അമ്പരിപ്പിച്ച ഒരു കാര്യമുണ്ട്. പ്രസംഗം ക‍ഴിഞ്ഞയുടനേ വളരെ പ്രധാനപ്പെട്ട ചില കോൺഗ്രസ് നേതാക്കൾ എന്നെ വിളിച്ച് ഉപദേശിച്ചു: “ഇത്തരത്തിലുള്ള പ്രകോപനപരമായ പ്രസംഗങ്ങളൊന്നും നടത്തരുത്. ബിജെപിയെയും ആർഎസ്എസ്സിനെയും ഭയക്കണം. ചിലതൊക്കെ കണ്ടില്ല കേട്ടില്ല എന്നു നടിക്കണം!!”
ഇതേ സമ്മേളനത്തിലാണ് ഇന്ത്യയിലൊരിക്കലും കാണാത്ത രീതിയിൽ ഒരു വിശ്വാസവിഷയത്തിൽ ഇരു സഭകളിലും പ്രത്യേകചർച്ച നടക്കുന്നത്. അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടത്തിയ പ്രധാനമന്ത്രിയെ പ്രകീർത്തിക്കാനായിരുന്നു ഈ പ്രത്യേകചർച്ച. ഈ സമ്മേളനം ക‍ഴിഞ്ഞാൽ രാജ്യം തെരഞ്ഞെടുപ്പിലേയ്ക്കു പോവുകയാണെന്ന് ഓർക്കണം.
ഇന്ത്യാ നിരയിലെ കക്ഷികളുടെ യോഗം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ  ഓഫീസിൽ വിളിച്ചുചേർത്തു. അയോധ്യാചർച്ചയോടുള്ള പൊതുസമീപനം കൈക്കൊള്ളുന്നതിനു വേണ്ടിയായിരുന്നു യോഗം. എളമരം കരീം സ്ഥലത്തില്ലാതിരുന്നതിനാൽ സിപിഐ(എം)നെ പ്രതിനിധാനം ചെയ്തു പങ്കെടുത്തത് ഞാനായിരുന്നു.
 മതനിരപേക്ഷഭരണഘടനയുള്ള ഒരു രാജ്യത്ത് ഇത്തരത്തിലുള്ള ചർച്ച ഒരുതരത്തിലും പാർലമെന്റിൽ നടന്നുകൂടെന്ന നിലപാടാണ് സിപിഐ(എം)നുവേണ്ടി ആദ്യം തന്നെ യോഗത്തിൽ ഞാൻ അറിയിച്ചത്. സമാജ് വാദി പാർട്ടി, ഡിഎംകെ തുടങ്ങിയ കക്ഷികൾ ഇതിനോടു പൂർണ്ണമായി യോജിക്കുകയും ചെയ്തു. എന്നാൽ, കോൺഗ്രസ്സാകട്ടെ, ആ ചർച്ചയിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും പ്രധാനമന്ത്രിയെ പ്രകീർത്തിക്കുന്ന ദൗത്യത്തിൽ പരോക്ഷമായി ഭാഗഭാക്കാകുകയും ചെയ്തു.
അന്ന്, കോൺഗ്രസ് നടപടിയെക്കുറിച്ച് പാർലമെന്റിന്റെ ഇടനാ‍ഴികളിൽ നടന്ന സംഭാഷണങ്ങളിൽ  പലരും പറഞ്ഞ ഒരു കാര്യമുണ്ട്: “സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഒ‍ഴികേയുള്ള ഒട്ടുമിക്കവാറും കോൺഗ്രസ് നേതാക്കളുടെ ഒരു കാൽ ആർഎസ്എസ്സിലാണ്. സ്വാഭാവികമായും, ബിജെപിയുടെ ഇത്തരം അജണ്ടകളിൽ പങ്കാളികളാകാൻ കോൺഗ്രസ് മത്സരിക്കുന്നതിൽ അത്ഭുതമില്ല.”
ആർഎസ്എസ് പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയത്തെയും സംസ്കാരത്തെയും അചഞ്ചലമായി എതിർക്കുന്ന സിപിഐ(എം)നെയും അതിന്റെ സമുന്നതനേതാവായ മുഖ്യമന്ത്രി പിണറായി വിജയനെയും വിവാദത്തിലേയ്ക്കു വലിച്ചി‍ഴയ്ക്കുമ്പോൾ, എന്റെ മനസ്സിൽ വന്ന കാര്യങ്ങളാണ് മുകളിൽ എ‍ഴുതിയത്.
യാഥാർത്ഥ്യവും പ്രതീതിയും തമ്മിലുള്ള അന്തരം ഗവേഷണം ചെയ്യുന്നവർക്ക് ഇത് നല്ലൊരു പാഠമാണ്. മാധ്യമങ്ങളുടെ കൺകെട്ടുവിദ്യയിൽ ഒരുവേള പരിഭ്രമിക്കുന്നവരുണ്ടാകും. എന്നാൽ, യാഥാർത്ഥ്യത്തെ പ്രതീതിയിൽ ആ‍ഴ്ത്തുന്നതിന് വലിയ ആയുസ്സുണ്ടാകില്ല.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed