തൃശ്ശൂര്‍: പെരിങ്ങോട്ടുകരയില്‍ സെറിബ്രല്‍ പാള്‍സി ബാധിതയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവം ഗൗരവതരവും അപലപനീയവുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു.
സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും, തൃശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. ചെമ്മാപ്പിള്ളി സെറാഫിക് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിന്റെ ഒന്നാംനിലയിലെ ക്ലാസ് മുറിയിലാണ് കുട്ടിയെ പൂട്ടിയിട്ടത്.
വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കുട്ടിയുടെ മാതാപിതാക്കളുമായി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഫോണില്‍ സംസാരിച്ചു. തീര്‍ച്ചയായും സാമൂഹ്യനീതി വകുപ്പ് ഈ വിഷയത്തില്‍ മാതൃകാപരമായ ഇടപെടല്‍ നടത്തും. ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടുന്ന ഭിന്നശേഷി സൗഹാര്‍ദ്ദപരമായ അന്തരീക്ഷം എല്ലാ വിദ്യാലയങ്ങളിലും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്‌കൂള്‍ അധികൃതര്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
ആര്‍പിഡബ്ല്യുഡി ആക്ട് പ്രകാരം ഭിന്നശേഷിക്കാരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിക്കുന്നത് ഗൗരവമേറിയ കുറ്റമാണെന്നും അതിനെതിരെ നടപടികള്‍ സ്വീകരിക്കാവുന്ന വകുപ്പുകള്‍ ഉണ്ടെന്നും മന്ത്രി ആര്‍ ബിന്ദു ഓര്‍മപ്പെടുത്തി.
ഭിന്നശേഷി മക്കള്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഇനിയും ഉണ്ടാകാതെയിരിക്കാനുള്ള സാമൂഹിക ജാഗ്രത സമൂഹത്തില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *