കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹവുമായി ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
ഡി.എൻ.എ. പരിശോധനാ നടപടികൾക്ക് ശേഷം അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ, അനുജൻ അഭിജിത്ത് എന്നിവർ ചേർന്ന് കാർവാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി.
അർജുന്റെ മൃതദേഹവുമായി മടങ്ങുന്ന ആംബുലൻസിനെ കോഴിക്കോട് വരെ കാർവാർ പൊലീസ് അനുഗമിക്കും. നാളെ രാവിലെ ആറ് മണിയോടെ അർജുൻ്റെ മൃതദേഹം കോഴിക്കോട് എത്തിക്കും. രാവിലെ പൂളാടിക്കുന്നിൽ ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ ആംബുലൻസ് സ്വീകരിക്കും. ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.