കൈകളിൽ കടിയേറ്റ പാടുകളുണ്ടെന്ന വിവരം നിർണായകമായി; 9-ാം വയസിൽ കാണാതായ ബാലനെ 11 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി
ചണ്ഡിഗഡ്: പതിനൊന്ന് വർഷം മുമ്പ് ഒൻപതാം വയസിൽ കാണാതായ കുട്ടിയെ കണ്ടെത്തി. ഹരിയാനയിലാണ് സംഭവം. സംസ്ഥാനത്തെ ആന്റി ഹ്യൂമൺ ട്രാഫികിങ് യൂണിറ്റിന് ലഭിച്ച നിർണായക വിവരങ്ങളാണ് ഇരുപതാം വയസിൽ പുനർസമാഗമത്തിന് വഴിയൊരുക്കിയത്. അതേസമയം കുട്ടിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനുള്ള അന്വഷണങ്ങളും ആരംഭിച്ചു.
ഹരിയാനയിലെ കർണാൽ ജില്ലയിൽ നിന്ന് 2013 സെപ്റ്റംബറിലാണ് സത്ബിർ എന്ന കുട്ടിയെ കാണാതാവുന്നത്. കുട്ടിയുടെ അമ്മ ഇത് സംബന്ധിച്ച് ആന്റി ഹ്യൂമൺ ട്രാഫികിങ് യൂണിറ്റിന് പരാതി നൽകി. കുട്ടിയുടെ ഒരു കൈയിൽ പട്ടിയുടെ കടിയേറ്റ പാടും മറ്റൊരു കൈയിൽ കുരങ്ങിന്റെ കടിയേറ്റ പാടുമുണ്ടെന്ന് അമ്മ നൽകിയ വിവരണത്തിൽ പറഞ്ഞിരുന്നു. ഇതാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായത്.
അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ പോസ്റ്ററുകൾ തയ്യാറാക്കി ഡൽഹി, ജയ്പൂർ, കൊൽക്കത്ത, മുംബൈ, കാൺപൂർ, ഷിംല, ലക്നൗ എന്നിവിടങ്ങളിലുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ നൽകിയിരുന്നു. വർഷങ്ങൾക്ക് ശേഷം ലക്നൗവിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഭാരവാഹികൾ ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു. തങ്ങളുടെ സ്ഥാപനത്തിലുള്ള ഒരു കുട്ടി, ഉദ്യോഗസ്ഥർ നൽകിയ പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന വിവരണവുമായി യോജിക്കുന്നതാണെന്ന് അവർ അറിയിക്കുകയായിരുന്നു.
ഉദ്യോഗസ്ഥരെത്തി കൂടുതൽ അന്വേഷണങ്ങളും പരിശോധനയും നടത്തി അത് സത്ബീർ തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ച് അഡീഷണൽ ഡയറക്ടറുടെ സാന്നിദ്ധ്യത്തിൽ സത്ബീറിനെ അമ്മയ്ക്കും സഹോദരനും കൈമാറി.