കോഴിക്കോട്: കാണാതായതിന്റെ തലേദിവസവും മകന്‍ ഫോണ്‍ വിളിച്ച ഓര്‍മകളില്‍ തളര്‍ന്ന് അര്‍ജുന്റെ പിതാവ് പ്രേമന്‍. 
ഇളയ സഹോദരിയുടെ വിവാഹ നിശ്ചയം സെപ്റ്റംബറിലേക്ക് നിശ്ചയിച്ചിരുന്നു. അച്ഛന്‍ ഒന്നിനെക്കുറിച്ചും വേവലാതിപ്പെടേണ്ടെന്നാണ് അവസാനമായി അര്‍ജുന്‍ പറഞ്ഞതെന്ന് പ്രേമന്‍ പറയുന്നു. 
”വീടിന് ഞാന്‍ വന്നിട്ട് പെയിന്റടിച്ചോളാം. സാധനങ്ങളെല്ലാം വന്നിട്ട് വാങ്ങാമെന്ന് പറഞ്ഞു. അവനുണ്ടെങ്കില്‍ ഒന്നിനും എനിക്കു പ്രയാസമില്ലായിരുന്നു. സഹായത്തിന് ക്ലീനറെ വയ്ക്കാന്‍ അര്‍ജുന് ഇഷ്ടമല്ല. 
ഒരു രൂപ പോലും അനാവശ്യമായി കളയില്ല. ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കും. റേഷനരിയുള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുമായിരുന്നു. കിണര്‍ ജേലിക്കിടെ വീണു പരിക്കേറ്റതിനാല്‍ ജോലിക്കു പോകാന്‍ അര്‍ജുന്‍ എന്നെ അനുവദിച്ചിരുന്നില്ല.
അവന്‍ ആളായതിനുശേഷമാണ് ഞങ്ങള്‍ പുതിയ വീട് വച്ചത്. ലോണ്‍ മുടങ്ങാതെ അടയ്ക്കുന്നുണ്ട്. ഞങ്ങള്‍ക്ക് നഷ്ടമായ സ്ഥലം അവന്‍ തന്നെ വിലകൊടുത്ത് വാങ്ങിയത് ഏറെ അഭിമാനമായിരുന്നു. അവന് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെയാണ് ഭാര്യയായി തിരഞ്ഞെടുത്തത്. 
ഞങ്ങളെല്ലാം അതിന് സമ്മതം കൊടുക്കുകയായിരുന്നു. അവന്‍ വരുമ്പോള്‍ ഒരുപാട് സാധനങ്ങള്‍ കൊണ്ടുവരും. വീട്ടിലെ എല്ലാവര്‍ക്കും ഭക്ഷണമുണ്ടാക്കി കൊടുക്കുക അവന്റെ സന്തോഷമായിരുന്നു. 
അമ്മ ഷീലയെ വിളിച്ച് വീട്ടിലേക്കുള്ള സാധനങ്ങളുടെയെല്ലാം ലിസ്റ്റ് എഴുതി വയ്ക്കാനും വന്നിട്ട് വാങ്ങാമെന്നും പറഞ്ഞാണ് അവസാനം ഫോണ്‍വിളിച്ചത്..” – പ്രേമന്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *