ദോഹ: തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് അബോധാവസ്ഥയിലായ മലയാളി യുവാവ് ഖത്തറില്‍ മരിച്ചു. കോഴിക്കോട് ചേളന്നൂര്‍ കാക്കുകുഴിയിൽ ഷെഫീഖ് (36) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
ഈ മാസം 19ന് താമസസ്ഥലത്തെ തൊട്ടടുത്തുള്ള മുറിയില്‍ ഷോര്‍ട്ട്സര്‍ക്യൂട്ട് മൂലം തീപിടിത്തമുണ്ടായിരുന്നു. തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ഷെഫീഖ് അബോധാവസ്ഥയിലാവുകയായിരുന്നു.
സ്വകാര്യ സ്ഥാപനത്തിലെ മാര്‍ക്കറ്റിംഗ്-സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്ന് മണിയോടെ മുറിയിലെത്തി വിശ്രമിക്കുമ്പോഴാണ് സംഭവം നടന്നത്.
പകല്‍ സമയമായതിനാല്‍ താമസിക്കുന്ന വില്ലയില്‍ അധികം പേരുണ്ടായിരുന്നില്ല. സിവില്‍ ഡിഫന്‍സ് വിഭാഗം വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് ഷെഫീഖിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചു.
ഒക്ടോബർ അഞ്ചിന് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് കാത്തിരിക്കെയാണ് ദാരുണ സംഭവം നടന്നത്. പിതാവ്: ഉമ്മര്‍. മാതാവ്: ഖദീജ. ഭാര്യ: ബുസൈറ. രണ്ട് മക്കളുണ്ട്.