ഗേറ്റും വാതിലും തകർത്ത് വീട്ടിൽ കയറി ആക്രമണം നടത്തിയത് പതിനഞ്ചോളം യുവാക്കൾ; സംഘത്തിലെ ഒരാൾ പിടിയിലായി
അരൂർ: വാക്കേറ്റത്തിന്റെ പേരിൽ തിരുവോണ നാളിൽ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പ്രതികളിൽ ഒരാൾ പിടിയിലായി. ആലപ്പുഴ അരൂർ പഞ്ചായത്ത് ആറാം വാർഡ് കരിങ്ങണംകുഴി കാർത്തികിനെയാണ് (യദു-22) തൊടുപുഴ പൊലീസിന്റെ സഹായത്തോടെ അരൂർ പോലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സഹകരണ ലോ കോളേജിലെ നിയമ വിദ്യാർഥിയാണ് കാർത്തിക്.
അക്രമി സംഘത്തിൽ പതിനഞ്ചോളം പേരുണ്ടായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്. സംഘത്തിലെ മറ്റുള്ളവർക്കു വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാണെന്നും അവർ ഉടൻ പിടിയിലാകുമെന്നും സി.ഐ പി.എസ് ഷിജു പറഞ്ഞു. അരൂർ ആറാംവാർഡ്, വട്ടക്കേരി എൻആർഇപി റോഡിനു സമീപം കരിങ്ങണംകുഴിയിൽ ജോർജിന്റെ വീടിനു നേരേയായിരുന്നു ആക്രമണം. ഗേറ്റ് തകർത്ത് എത്തിയ സംഘം വാതിൽ പൊളിച്ച് വീടിനുള്ളിൽ കടന്നും അക്രമം കാട്ടി. ജോർജിനും (62) ഭാര്യ മേരിക്കും (58) പരിക്കേറ്റിരുന്നു. ജോർജിന്റെ മകൻ നിഖിലുമായി ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.