കരുതിയിരുന്നോ…സൈബര്‍ തട്ടിപ്പ് സംഘങ്ങളെ വെല്ലുവിളിച്ച് ബിഎസ്എന്‍എല്‍; വമ്പന്‍ പ്രഖ്യാപനം വരുന്നു

ദില്ലി: സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കവുമായി പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ വലയ്ക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളും ഫിഷിംഗ് അടക്കമുള്ള സൈബര്‍ കുറ്റകൃത്യങ്ങളും ചെറുക്കാന്‍ എഐ, മെഷീന്‍ ലേണിംഗ് അധിഷ്ഠിത സംവിധാനം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഭാരത് സ‌ഞ്ചാര്‍ നിഗം ലിമിറ്റഡ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഉപഭോക്താക്കളെയും പൊതുജനങ്ങളെയും അറിയിച്ചു. മൊബൈല്‍ കോണ്‍ഗ്രസ് 2024ല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അറിയാം. 

സ്‌പാമര്‍മാര്‍ ജാഗ്രത പാലിക്കുക, സുരക്ഷിതമായ ഡിജിറ്റല്‍ സംവിധാനമൊരുക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ബിഎസ്എന്‍എല്‍ എന്നും കമ്പനിയുടെ ട്വീറ്റിലുണ്ട്. 

Read more: ‘വെറും 11 രൂപയ്ക്ക് ഐഫോണ്‍ 13 വാങ്ങാം’! ഓഫറില്‍ ഫ്ലിപ്‌കാര്‍ട്ടിനെ നിര്‍ത്തിപ്പൊരിച്ച് ഉപഭോക്താക്കള്‍

സൈബര്‍ തട്ടിപ്പുകളും സ്പാം കോളുകളും മെസേജുകളും വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിഎസ്എന്‍എല്ലിന്‍റെ ഈ നീക്കം. സ്‌പാം മെസേജ്/കോളുകള്‍ക്ക് തടയിടാന്‍ എല്ലാ ടെലികോം കമ്പനികളും ഊര്‍ജിതമായി ശ്രമിക്കണമെന്ന് അടുത്തിടെ ട്രായ് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ഇന്‍റർനെറ്റ്‌ വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന ഫിഷിംഗ് അടക്കമുള്ള സൈബര്‍ കുറ്റകൃത്യങ്ങളും പെരുകുകയാണ്. മെസേജുകളും ലിങ്കുകളും അയച്ച് അതില്‍ ക്ലിക്ക് ചെയ്യിപ്പിച്ചാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വലവീശുന്നത്. സൈബര്‍ അറസ്റ്റ് പോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഈയടുത്ത് കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായത് സ്ഥിതി എത്രത്തോളം ഗുരുതരമാണ് എന്ന് വ്യക്തമാക്കുന്നു. 

ഉപഭോക്താക്കള്‍ക്ക് തലവേദന സൃഷ്ടിക്കുന്ന സ്‌പാം കോളുകളും മെസേജുകളും തടയാന്‍ എഐ അധിഷ്‌ഠിത സംവിധാനം സ്വകാര്യ ടെലികോം നെറ്റ്‌വര്‍ക്കായ എയര്‍ടെല്‍ ഇന്നലെ അവതരിപ്പിച്ചിരുന്നു. സ്പാം എന്ന് സംശയിക്കുന്ന എല്ലാ കോളുകളെയും എസ്എംഎസുകളേയും കുറിച്ച് തത്സമയം ഉപഭോക്താക്കളെ അറിയിക്കുന്ന രീതിയിലാണ് ഈ സംവിധാനം. സൗജന്യമായ ഈ സേവനം ലഭിക്കുന്നതിനായി എയര്‍ടെല്‍ ഉപഭോക്താക്കള്‍ പ്രത്യേക സേവന അഭ്യര്‍ത്ഥന നടത്തുകയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ വേണ്ട. സ്വയം സജീവമാകുന്ന ഈ സംവിധാനം എയര്‍ടെല്ലിന്‍റെ ഡാറ്റാ ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചത്. സമാനമാണോ ബിഎസ്എന്‍എല്ലിന്‍റെ വരാനിരിക്കുന്ന സാങ്കേതികവിദ്യ എന്ന് വൈകാതെയറിയാം.  

Read more: ഇനി ഇങ്ങനെയൊരു അവസരം കിട്ടിയെന്നുവരില്ല; ഐഫോണ്‍ 15 കുറഞ്ഞ വിലയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin