തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികളെ കെണിയിലാക്കി ലഹരി വസ്തുക്കൾ നൽകുന്നയാൾ പിടിയിൽ.നെയ്യാറ്റിൻകര ആറാലുമൂട് സ്വദേശി ശ്യാംമാധവാ(43)ണ് പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികൾക്ക് ലഹരി വസ്തുക്കൾ നൽകുന്നതായിരുന്നു പ്രതിയുടെ രീതി. ഒരു പെൺകുട്ടിയുമായി സൗഹൃദത്തിലായി ഇവർ വഴി കൂടുതൽ പെൺകുട്ടികളെയും പ്രതി വലയിലാക്കിയിരുന്നു. ഇവർക്കും ലഹരിഗുളികകൾ പ്രതി കൈമാറിയിരുന്നു.
നെയ്യാറ്റിൻകര മേഖലയിൽ നിരവധി വിദ്യാർത്ഥിനികൾ ഇയാളുടെ കെണിയിൽ വീണതായാണ് സൂചന. നെയ്യാറ്റിൻകര, ബാലരാമപുരം സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ അഞ്ച് ക്രിമിനൽ കേസുകളാണ് ഉള്ളത്. ഇയാൾ പന്നിഫാം നടത്തി വരുകയായിരുന്നു. പൊലീസ് സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്‌തു വരുകയാണ്.