2018നുശേഷം ആദ്യം, വിരാട് കോലി രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹി സാധ്യതാ ടീമില്‍; റിഷഭ് പന്തിനെയും ഉള്‍പ്പെടുത്തി

ദില്ലി: നവംബറില്‍ തുടങ്ങുന്ന ഓസ്ട്രേലിയന്‍ പരമ്പരക്ക് മുമ്പ് വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും രഞ്ജി ട്രോഫിയില്‍ കളിച്ചേക്കുമെന്ന് സൂചന. രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹിയുടെ 84 അംഗ സാധ്യതാ ടീമിലാണ് ഇരുവരും ഇടം പിടിച്ചത്. അതേസമയം, മുന്‍ ഇന്ത്യൻ താരം ഇഷാന്ത് ശര്‍മ സാധ്യതാ ടീമിലില്ല.

രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ രഞ്ജി ട്രോഫി നടക്കുന്നത്. ആദ്യ ഘട്ടം ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 16വരെയാണ്. രണ്ടാം ഘട്ടം ജനുവരി 23നാണ് തുടങ്ങുന്നത്. ഇടവേളയില്‍ ആഭ്യന്തര വൈറ്റ് ബോള്‍ ടൂര്‍ണമെന്‍റുകള്‍ നടക്കും. ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 16വരെ നടക്കുന്ന ആദ്യ ഘട്ട രഞ്ജി മത്സരങ്ങളുടെ സമയത്ത് ഇന്ത്യ-ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നതിനാല്‍ കോലിയ്ക്കും പന്തിനും ഡല്‍ഹിയുടെ ആദ്യറൗണ്ട് മത്സരങ്ങളില്‍ കളിക്കാനാവില്ലെന്ന് ഉറപ്പാണ്. നവംബര്‍ 5നാണ് ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റ് കഴിയുന്നത്.

വിവിഎസ് ലക്ഷ്മണിന്‍റെ ക്യാച്ച് കൈവിട്ടു, ആ നിമിഷം ഞാൻ വിരമിക്കാൻ തീരുമാനിച്ചു; തുറന്നു പറഞ്ഞ് ഗില്‍ക്രിസ്റ്റ്

രഞ്ജി ട്രോഫിയില്‍ ചത്തീസ്‌ഗഡിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. മൂന്നാം ടെസ്റ്റ് കഴിഞ്ഞ് ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ലഭിക്കുന്ന 16 ദിവസത്തെ ചെറിയ ഇടവേളയില്‍ കോലിയും റിഷഭ് പന്തും രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തയാറാവുമോ എന്നാണ് കണ്ടറിയേണ്ടത്. നവംബര്‍ 21നാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് പെര്‍ത്തില്‍ തുടങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റ് നേരത്തെ അവസാനിച്ചാല്‍ മാത്രമെ ഇരുവരും ആദ്യ ഘട്ട രഞ്ജി മത്സരങ്ങളില്‍ കളിക്കാന്‍ എന്തെങ്കിലും സാധ്യതയുള്ളുവെന്നാണ് വിലയിരുത്തല്‍.

നവംബര്‍ ആറിന് ചണ്ഡീഗഡിനെതിരെ ഡല്‍ഹി മത്സരിക്കുന്നുണ്ട്. നവംബര്‍ 13ന് ജാര്‍ഖണ്ഡിനെതിരെയും ഡല്‍ഹിക്ക് മത്സരമുണ്ട്. ഈ രണ്ട് മത്സരങ്ങളിലേതെങ്കിലും ഒന്നില്‍ മാത്രമെ കോലിയോ റിഷഭ് പന്തോ കളിക്കാൻ സാധ്യതയുള്ളൂ. നവംബര്‍ എട്ട് മുതല്‍ ഇന്ത്യ നാലു ടി20 മത്സരങ്ങള്‍ അടങ്ങിയ പരമ്പര കളിക്കാന്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോകും. 15വരെയാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പര. ടി20യില്‍ നിന്ന് വിരമിച്ചതിനാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര കോലിയെ ബാധിക്കില്ല. എന്നാല്‍ രഞ്ജി കളിക്കണമെങ്കില്‍ റിഷഭ് പന്ത് ദക്ഷിണാഫ്രിക്കന്‍ പരമ്പര ഒഴിവാക്കേണ്ടിവരും.

ഇന്ത്യ-ബംഗ്ലാദേശ് മത്സരം നടത്താന്‍ അനുവദിക്കില്ല, ഗ്വാളിയോറില്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ

സാധ്യതാ ടീമിലുള്‍പ്പെട്ട താരങ്ങള്‍ ഫിറ്റ്നെസ് ടെസ്റ്റിന് ഹാജരാവാണമെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഫിറ്റ്നെസ് ടെസ്റ്റില്‍ ഇളവുണ്ട്. അതിനാല്‍ കോലിയും റിഷഭ് പന്തും ഫിറ്റ്നെസ് ടെസ്റ്റില്‍ പങ്കെടുക്കേണ്ടതില്ല. കഴിഞ്ഞ സീസണില്‍ രഞ്ജിയില്‍ നോക്കൗട്ട് റൗണ്ടിലെത്താന്‍ ഡല്‍ഹിക്ക് കഴിഞ്ഞിരുന്നില്ല.2018ലാണ് വിരാട് കോലി അവസാനമായി രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹിയുടെ സാധ്യതാ ടീമിലെത്തിയത്. എന്നാല്‍ അന്ന് ഒറ്റ മത്സരത്തില്‍പോലും കോലി കളിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin