കോട്ടയം: പാലായില്‍ ലോറിയിടിച്ച് ഗുരുതര പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികരെ ആശുപത്രിയില്‍ എത്തിച്ചത് കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ. അലക്‌സും, പാര്‍ട്ടി ചെയര്‍മാനും എംപിയുമായ ജോസ് കെ. മാണിയുടെ ഡ്രൈവര്‍ നെല്‍സണും, ജോസ് കെ. മാണിയുടെ ഗണ്‍മാന്‍ ജോസ് മൈലന്തറയും.
തിങ്കളാഴ്ച രാത്രി 11.40-ഓടെ പാലാ സമാന്തര റോഡിൽ ആർവി ജംഗ്ഷനിലാണ് അപകടമുണ്ടായത്.തൊടുപുഴ ഭാഗത്ത് നിന്നും വന്ന ലോറി സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവാക്കളെ ഇടിക്കുകയായിരുന്നു.
ഈ സമയം പ്രദേശത്ത് ടോബിനും, നെല്‍സണും, ജോസ് മൈലന്തറയും ഉണ്ടായിരുന്നു. ജോസ് കെ. മാണിയെ ഡല്‍ഹിക്ക് യാത്രയാക്കി ഇവര്‍ തിരിച്ചുവരുന്നതിനിടെയാണ് അപകടം കാണുന്നത്.
നോബി (25), അലന്‍ (26) എന്നീ യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചശേഷം ലോറി സ്‌കൂട്ടറും വലിച്ച് ഏകദേശം ആറു കിലോമീറ്ററോളം മുന്നോട്ടുപോയിരുന്നു.
അപകടമുണ്ടായ ഉടന്‍ തന്നെ നോബിയെ ടോബിന്റെ കാറിലും, അലനെ ജോസ് മൈലന്തറയുടെ കാറിലും ആശുപത്രിയിലെത്തിച്ചു. അപകടവിവരം ടോബിന്‍ പാലാ സിഐയെയും, എസ്‌ഐ കൂടിയായ ജോസ് മൈലന്തറ രാമപുരം, മരങ്ങാട്ടുപള്ളി പൊലീസ് സ്റ്റേഷനുകളിലും അറിയിക്കുകയും ചെയ്തു.
ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. പാലാ-കോഴാ റോഡിൽ ഇല്ലിക്കൽതാഴെ ജംഗ്ഷനു സമീപം 11 കെവി വൈദ്യുതി തൂണിൽ ഇടിച്ച നിലയിലാണ് ലോറി കണ്ടെത്തിയത്. ലോറിയില്‍ നിന്ന് പൊലീസ് മദ്യക്കുപ്പികള്‍ കണ്ടെടുത്തു. ലോറിയിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാക്കള്‍ ചികിത്സയിലാണ്.
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *