പ്രോട്ടീനുകൾ, വിറ്റാമിനുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുമ്പോഴും പലരും അവഗണിക്കപ്പെടുന്ന ഒരു പോഷകഘടകമാണ് കാത്സ്യം. എന്നാല്‍ ഇവ നമ്മുടെ ശരീരത്തിന്‍റെ നട്ടെല്ലാണ്, കാരണം നമ്മുടെ അസ്ഥികൾ കാത്സ്യം കൊണ്ട് നിർമ്മിച്ചതാണ്. ശക്തമായ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശരീരത്തിന് ഏറ്റവും അവശ്യമായ ധാതുവാണ് കാത്സ്യം. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ കാത്സ്യം കുറയാം. ഇത്തരത്തില്‍ ശരീരത്തിൽ കാത്സ്യം കുറയുമ്പോൾ അത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം.
നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ നമ്മുക്ക് കാത്സ്യത്തിന്‍റെ കുറവിനം പരിഹരിക്കാം. കാത്സ്യത്തിന്‍റെ മികച്ച ഉറവിടമാണ് പാല്‍ എന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. പാല്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്. അത്തരത്തിലൊന്നാണ് റാഗി. പാലും റാഗിയും കാത്സ്യത്തിന്‍റെ നല്ല ഉറവിടങ്ങളാണ്. 100 മില്ലി പാൽ കുടിക്കുമ്പോൾ ഏകദേശം 110 മില്ലിഗ്രാം കാത്സ്യം ലഭിക്കും. എന്നാല്‍ നിങ്ങൾ 100 ഗ്രാം റാഗി കഴിക്കുമ്പോൾ, നിങ്ങൾക്ക് ഏകദേശം 350 മില്ലിഗ്രാം കാത്സ്യമാണ് ലഭിക്കുന്നത്. അതിനാൽ, റാഗിയിലാണ് പാലിനെക്കാള്‍ കാത്സ്യം അടങ്ങിയിട്ടുള്ളത്. റാഗി നൽകുന്ന അതേ അളവിൽ കാത്സ്യം പാലിൽ നിന്ന് ലഭിക്കാൻ, നിങ്ങൾ മൂന്ന് ഗ്ലാസ് പാൽ എങ്കിലും കുടിക്കണം.
റാഗിയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ റാഗിയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിളര്‍ച്ചയെ തടയാനും സഹായിക്കും. മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന പൊട്ടാസ്യം പോലുള്ള മറ്റ് പോഷകങ്ങളും റാഗിയിൽ അടങ്ങിയിട്ടുണ്ട്. അതേസമയം ചിലരില്‍ പാൽ കുടിക്കുമ്പോൾ, ഗ്യാസും അസിഡിറ്റിയും വയറുവേദനയും മറ്റ് ദഹന പ്രശ്നങ്ങളും ഉണ്ടാകാം. മുഖക്കുരുവിനുള്ള സാധ്യതയും കൂടാം.