തിരുവനന്തപുരം: ഡ്രൈവിങ് സ്കൂളുകൾ കെ.എസ്.ആർ.ടി.സിയുടെ വരുമാനം ഉയർത്തി. പ്രവേശനം നേടിയത് 182 പേർ .വരുമാനമായി ലഭിച്ചത് 15.23 ലക്ഷം രൂപ. ആറു ലക്ഷം രൂപ ചെലവിനത്തിൽ പോയാലും ബാക്കി ലാഭമാണെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂളിലെ പരിശീലനം പൂർത്തിയാക്കി ആദ്യ ബാച്ചിന്റെ ലൈസൻസ് വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനെക്കാൾ പണം വാങ്ങി, ഇതിനെക്കാൾ തല്ലിപ്പൊളി വാഹനത്തിൽ ഡ്രൈവിങ് പഠിപ്പിക്കുന്നവർ നഷ്ടത്തിലാണെന്നും അവരെല്ലാം പാവങ്ങളാണെന്നും ഇതിലൂടെ എല്ലാവർക്കും മനസ്സിലായി എന്നും ഗണേഷ് കുമാർ പരിഹസിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവിങ് പരിശീലന കേന്ദ്രം ആരംഭിച്ചപ്പോൾ പാവപ്പെട്ട ഡ്രൈവിങ് സ്കൂളുകാരുടെ വയറ്റത്തടിച്ചുവെന്നായിരുന്നു പ്രചാരണം.
13 സ്ഥലങ്ങളിൽ കൂടി ഡ്രൈവിങ് സ്കൂൾ ഉടൻ ആരംഭിക്കും. പലയിടങ്ങളിലും പ്രതിദിനം 80 ടെസ്റ്റ് വരെ നടക്കുന്നുണ്ട്. എന്നിട്ടും പരീക്ഷയിൽ ജയിക്കുന്നത് 50 ശതമാനത്തിൽ താഴെയാണ്. മോട്ടോർ വാഹനവകുപ്പിന് കീഴിലുള്ള ഐ.ഡി.ടി.ആറിന്റെ സബ് സെന്ററായി കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിങ് പരിശീലന കേന്ദ്രത്തെ മാറ്റുമെന്നും ഗണേഷ്കുമാർ പറഞ്ഞു.