തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിൽ പോലീസിന്റെ പങ്കിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടേക്കും. ഇതേക്കുറിച്ച് അന്വേഷിച്ച എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ റിപ്പോർട്ട് പോലീസിനെ വെള്ളപൂശിയുള്ളതാണ്. പൂരം കലക്കിയതിൽ പോലീസിന്റെ വീഴ്ചകൾ കണ്ടെത്താനാണ് എ.ഡി.ജി.പിയെ അന്വേഷണത്തിന് നിയോഗിച്ചത്.
എസ്.പി റാങ്കുള്ള സിറ്റി പോലീസ് കമ്മിഷണർക്ക് ജനങ്ങളെ അനുനയിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായെന്നതൊഴിച്ചാൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഐ.ജി, ഡി.ഐ.ജി എന്നിവരുടെ വീഴ്ചകളൊന്നും റിപ്പോർട്ടിലില്ല. പൂരദിവസം വെളുപ്പിന് ഒരുമണിവരെ എ.ഡി.ജി.പി അജിത്ത് സ്ഥലത്തുണ്ടായിരുന്നു.

സുരക്ഷാ ക്രമീകരണങ്ങളുടെ വിവരങ്ങളും ചിത്രങ്ങളുമാണ് 1500 പേജുകളുള്ള റിപ്പോർട്ടിലേറെയും. ആർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തിട്ടുമില്ല. മാത്രമല്ല, സ്വയം വെള്ളപൂശിയാണ് എ.ഡി.ജി.പി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതും.

ഈ സാഹചര്യത്തിൽ വിശദമായ തുടരന്വേഷണത്തിന് ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ശുപാർശ ചെയ്തിട്ടുണ്ട്. പോലീസിന് പുറത്തുള്ള ഏജൻസി അന്വേഷിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയും ശുപാ‌ർശ ചെയ്യും.
എല്ലാ ഭാഗത്തു നിന്നുമുള്ള വീഴ്ചകളെക്കുറിച്ച് എ.ഡി.ജി.പി അജിത്തിന്റെ റിപ്പോർട്ടിൽ പരാമർശമില്ലാത്തതിനാൽ, പൊലീസിന് പുറത്തുള്ള ഏജൻസിയുടെ അന്വേഷണത്തിനാണ് ഡിജിപിയുടെയും ശുപാർശ . എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടും തന്റെ ശുപാർശയും ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറി. തുടരന്വേഷണത്തിലടക്കം മുഖ്യമന്ത്രി ഉടൻ തീരുമാനമെടുക്കും.
പൂരം അലങ്കോലപ്പെട്ടിട്ടും എ.ഡി.ജി.പി ഇടപെടാത്തതിൽ ദുരൂഹത

ആരോപണ വിധേയനായ അജിത്തിന്റെ വീഴ്ചകൾ കൂടി അന്വേഷണ പരിധിയിലുണ്ടാവും. പൂരം അലങ്കോലപ്പെട്ടിട്ടും സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പി ഇടപെടാതിരുന്നതും ദുരൂഹമാണ്.  പൂരദിവസം താൻ അവധിയിലായിരുന്നെന്നാണ് എ.ഡി.ജി.പിഅജിത്കുമാറിന്റെ വാദമെങ്കിലും മൂന്നുദിവസം മുൻപേ പൊലീസ് അക്കാഡമിയിലെ ഗസ്റ്റ്ഹൗസിൽ താമസമായിരുന്നു.

പൂരദിവസം വെളുപ്പിന് ഒരുമണിവരെ പൂരമൈതാനത്ത് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. അതിനുശേഷം മൊബൈൽ ഓഫായി. പിറ്റേന്നാണ് മൂകാംബികയിലേക്ക് പോയത്. പൊലീസ് ചട്ടപ്രകാരം മുതിർന്ന ഉദ്യോഗസ്ഥനാണ് പ്രശ്നങ്ങളുണ്ടാവുമ്പോൾ ക്രമസമാധാന മേൽനോട്ടചുമതല വഹിക്കേണ്ടത്.
എ.ഡി.ജി.പി സ്ഥലത്തുണ്ടായിരുന്നതിനാൽ കമ്മിഷണറേക്കാൾ ചുമതല അദ്ദേഹത്തിനാണുണ്ടായിരുന്നത്. മാത്രമല്ല, പൂരസ്ഥലത്ത് പ്രശ്നങ്ങളുണ്ടായിട്ടും എ.ഡി.ജി.പി ഇടപെട്ടില്ലെന്നതും ചട്ടലംഘനമാണ്. എ.ഡി.ജി.പിഅവധിയിലായിരുന്നെങ്കിൽ പകരംമറ്റൊരു ഉന്നതഉദ്യോഗസ്ഥനെ അവിടെ ഡി.ജി.പി ചുമതലപ്പെടുത്തുമായിരുന്നു.

അഞ്ചുലക്ഷത്തിലേറെ ആളുകളും 115ആനകളും ടൺകണക്കിന് വെടിമരുന്നുമുള്ള പൂരസ്ഥലത്ത് അത്തരമൊരു പകരം ചുമതലക്കാരനുണ്ടായിരുന്നില്ല. കമ്മിഷണറുടെ പരിചയക്കുറവും ജനങ്ങളെ അനുനയിപ്പിക്കാതിരുന്നതുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട്.

പൂരത്തിന് ആറുദിവസം മുൻപ് ചേർന്ന സുരക്ഷാ യോഗത്തിൽ  കമ്മിഷണർ അങ്കിത് അശോകൻ സുരക്ഷാസ്കീം  അവതരിപ്പിച്ചിരുന്നു. എന്നാൽ താൻപറയുന്നതുപോലെ അനുസരിച്ചാൽ മതിയെന്ന് എ.ഡി.ജി.പി നിർദ്ദേശിച്ചു. ജനങ്ങളെ നിയന്ത്രിക്കാൻ കൂടുതൽ ബാരിക്കേഡുകൾ നിരത്തിയതും, വെടിക്കെട്ട് വൈകിപ്പിച്ചതും, ആനകൾക്ക് തീറ്റ കൊടുക്കുന്നതടക്കം തടഞ്ഞതുമടക്കം വീഴ്ചകൾ ഈ ക്രമീകരണങ്ങൾ കാരണമുണ്ടായതാണ്. 
വർഷങ്ങളായി പൂരം നടത്തി പരിചയമുള്ള ഡിവൈ.എസ്.പി റാങ്കിലെ ഉദ്യോഗസ്ഥർ ക്രമീകരണങ്ങളിൽ അതൃപ്തിയറിയിച്ചപ്പോൾ മുകളിൽ നിന്നുള്ള നിർദ്ദേശമാണെന്നായിരുന്നു കമ്മിഷണറുടെ മറുപടി. സുരക്ഷാ സ്കീം മാറ്റിമറിച്ചതിലടക്കം എ.ഡി.ജി.പിക്കെതിരേ അന്വേഷണം വരുമെന്നാണ് സൂചന. 
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്  ദേവസ്വങ്ങൾ 

അതേസമയം, തിരുവമ്പാടി ദേവസ്വത്തിലെ ചിലർക്ക് നിക്ഷിപ്ത താത്പര്യമുണ്ടായിരുന്നെന്ന് എ.ഡി.ജി.പിയുടെ റിപ്പോർട്ടിലുണ്ട്. തർക്കമുണ്ടായിടത്തേക്ക് സുരേഷ് ഗോപിയെ വിളിച്ചുവരുത്തിയത് ദേവസ്വം ഭാരവാഹികളാണ്. ഇതിന്റെ തെളിവായി ഫോൺരേഖകളുമുണ്ട്. പൂരംകലക്കിയതിന് പിന്നിൽ രാഷ്ട്രീയ പാർട്ടികളുടെ പങ്ക് റിപ്പോർട്ടിലില്ല.

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ രാത്രിയിൽ ബാരിക്കേഡ് സ്ഥാപിച്ച ശേഷമായിരുന്നു പ്രശ്നങ്ങൾ. പൊലീസിന്റെ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടു. ഡി.ഐ.ജി അടക്കമെത്തി അനുനയ ചർച്ച നടത്തിയിരുന്നു. എന്നാൽ അനുനയത്തിന് വഴങ്ങാതെ പൂരം അവസാനിച്ചതായി തിരുവമ്പാടി ദേവസ്വം ഏകപക്ഷീയമായി പ്രഖ്യാപിച്ചു.
ഇത് ആരെയെങ്കിലെയും സഹായിക്കാൻ ലക്ഷ്യമിട്ടായിരുന്നോ എന്നതിലടക്കം തുടരന്വേഷണമുണ്ടാവും. അതേസമയം, എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് തള്ളിയ ദേവസ്വങ്ങൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *