17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ധോണിയെന്ന നായകന്‍ ജനിച്ചു! പ്രഥമ ടി20 ലോകകപ്പിന് ശേഷം രണ്ട് ഐസിസി കിരീടം കൂടി
മുംബൈ: ഇന്ത്യയുടെ ആദ്യ ട്വന്റി 20 കിരീടം ഓര്‍മിക്കുക എം എസ് ധോണിയെന്ന നായകന്റെ കൂടി പേരിലാണ്. 17 വയസായി ഇന്ത്യയുടെ ആദ്യ ടി20 കിരീടത്തിന്. തോല്‍ക്കുമെന്നുറപ്പിച്ചടുത്ത് നിന്ന് എം എസ് ധോണിയും കൂട്ടരും പാക്കിസ്ഥാനെ വീഴ്ത്തി നേടിയൊരു കുട്ടി കിരീടം. പ്രഥമ ട്വന്റി 20 കിരീടം നേടിത്തന്ന ധോണി പിന്നീട് എകദിന ലോകകപ്പിലും ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കളാക്കി. ട്വന്റി 20 കിരീടം, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നീ മൂന്ന് ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഒരേയൊരു താരം ധോണിയാണ്. എം എസ് ധോണിയെന്ന ലോക ക്രിക്കറ്റിലെ ലെജന്‍ഡറി നായകനെ പറ്റി കൂടുതല്‍ പറയേണ്ടതില്ല.
2007ല്‍ പകരക്കാരന്‍ നായകനായി തുടങ്ങിയ ധോണി പകരം വെക്കാത്ത നായകനായാണ് ടീം ഇന്ത്യയുടെ ജഴ്‌സിയില്‍ നിന്ന് വിരമിച്ചത്. 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് നേടി തന്ന കിരീടമാണ് ധോണിയുടെ കരിയറിലെ മാസ് ഇന്നിംഗ്‌സ്. പിന്നീട് ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഫൈനലില്‍ മികച്ച ബോളിങ് മാറ്റങ്ങള്‍ കൊണ്ടുവന്ന് ധോനി ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി. ഐപിഎല്ലില്‍ ചെന്നൈയ്‌ക്കൊപ്പം അഞ്ച് കിരീട നേട്ടത്തില്‍ പങ്കാളിയായ താരം കഴിഞ്ഞ സീസണില്‍ നായകസ്ഥാനം ഗെയ്ക്‌വാദിന് നല്‍കിയിരുന്നു.
ഈ സീസണില്‍ ടീമിനൊപ്പം തുടരുമോ എന്നതില്‍ ധോനി ഇതുവരെ മനസ് തുറന്നിട്ടില്ല. ധോണിയുടെ അവസാന മത്സരമാകുമോയെന്ന കണക്കുകൂട്ടലില്‍ എല്ലാ മത്സരവും ആഘോഷമാക്കുകയാണ് ആരാധകര്‍. അടുത്തിടെ വിജയ് നായകനായ ഗോട്ട് സിനിമയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ ധോണി ബാറ്റുചെയ്യാനെത്തുന്ന രംഗമുണ്ടായിരുന്നു. വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഈ രംഗങ്ങള്‍ സ്വീകരിച്ചത്.