ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ശബരിമല ദേവസ്വം മഹാകാണിക്കയുടെ മുൻഭാഗത്തുള്ള കാണിക്ക വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിലെ പ്രതിയാണ് കുടുങ്ങിയത്. തമിഴ്നാട് തെങ്കാശി ജില്ലയിൽ, കീലസുരണ്ട എന്ന സ്ഥലത്ത് താമസിക്കുന്ന മുരുകന്റെ മകൻ സുരേഷ്(32) ആണ് അറസ്റ്റിലായത്.
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നിരുന്ന കാലയളവിൽ ഓഗസ്റ്റ് ഇരുപതിന് സന്നിധാനത്തെ വഞ്ചി കുത്തിപ്പൊളിച്ച് ഇയാൾ പണം മോഷ്ടിച്ച് കടക്കുകയായിരുന്നു. നട അടച്ച ശേഷം സംഭവം ശ്രദ്ധയിൽപെട്ട ദേവസ്വം ബോർഡ് അധികൃതർ പൊലീസിൽ പരാതി നൽകി.
തുടർന്ന് പൊലീസ്, പ്രാഥമിക അന്വേഷണം നടത്തുകയും, സന്നിധാനത്തെയും, പമ്പയിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും, ചെയ്തിരുന്നു.  കന്നിമാസ പൂജകൾക്കായി നട തുറന്നപ്പോൾ സന്നിധാനത്ത് ജോലിക്ക് വന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചു.
അങ്ങനെയാണ് മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചത്. വർഷങ്ങളായി എല്ലാ മാസവും ശബരിമലയിൽ വന്നിരുന്ന പ്രതി, മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതിനെ തുടർന്ന് ഈ മാസം ശബരിമലയിലെത്തിയില്ല. 

ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പൊലീസ് തിരുനെൽവേലി, തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ഇയാളെ പിടികൂടിയത്. റാന്നി ഡിവൈഎസ്പി ആർ ജയരാജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

 

By admin

Leave a Reply

Your email address will not be published. Required fields are marked *