പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തെങ്കാശി, കീലസുരണ്ട സുരേഷാ(32)ണ് പിടിയിലായത്.
ദേവസ്വം മഹാ കാണിക്കയുടെ മുന്‍ഭാഗത്തെ വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ചായിരുന്നു കവര്‍ച്ച. പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം. ഓഗസ്റ്റ് 20ന് ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴായിരുന്നു സംഭവം.
ഇയാള്‍ വര്‍ഷങ്ങളായി എല്ലാ മാസവും ശബരിമലയില്‍ വന്നിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുത്തതോടെ ഇയാള്‍ വന്നില്ല. പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണത്തിന് പ്രതികൂലമായി.
തുടര്‍ന്ന് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് പോലീസ് തിരുനെല്‍വേലി, തെങ്കാശി, മധുര എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.