ഡൽഹി: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ബെഡ്റൂമിലും ശുചിമുറിയിലും ഒളിക്യാമറ സ്ഥാപിച്ച യുവാവ് അറസ്റ്റിൽ. കരൺ എന്ന യുവാവാണ് അറസ്റ്റിലായത്. യുവതി താമസിക്കുന്ന അപ്പാർട്ട്മെന്റ് ഉടമയുടെ മകനാണ് കരൺ. ഡൽഹി ശകർപുരയിലാണ് സംഭവം
സിവിൽ സർവീസ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവതിയുടെ ശുചിമുറിയിലും കിടപ്പുമുറിയിലുമാണ് ഇയാൾ ഒളിക്യാമറകൾ സ്ഥാപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതിയിലാണ് കരണിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കരണിന്റെ പക്കൽ നിന്ന് ഒരു ഒളിക്യാമറയും പകർത്തുന്ന ദൃശ്യങ്ങൾ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന രണ്ട് ലാപ്ടോപ്പുകളും പിടികൂടിയിട്ടുണ്ടെന്ന് ഡിസിപി അരുൺ ഗുപ്ത അറിയിച്ചു. തന്റെ ബെഡ്റൂമിലും ശുചിമുറിയിലെ ബൾബ് ഹോൾഡറിലും ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയ യുവതി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മറ്റാരെങ്കിലും മുറിയിൽ പ്രവേശിക്കാറുണ്ടോ എന്ന പൊലീസിന്റെ ചോദ്യത്തിന് കരണിനെ താക്കോൽ ഏൽപ്പിക്കാറുണ്ടെന്ന് യുവതി പറഞ്ഞതോടെയാണ് പ്രതി പിടിയിലായത്. സംഭവത്തിൽ കരണിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.