‘മുഖ്യമന്ത്രി ആർഎസ്എസ് ഏജൻ്റ്, പൂരം കലക്കിയതിൻ്റെ ലാഭം കിട്ടി’; രൂക്ഷ വിമർശനവുമായി കെ മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി ആർഎസ്എസ് ഏജൻ്റെന്ന് കെ മുരളീധരൻ. തിരുവനന്തപുരത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മുരളീധരൻ പറഞ്ഞു. പൂരം അലങ്കോലപ്പെടുത്തലലിൽ ജുഡീഷ്വൽ അന്വേഷണം പ്രഖ്യാപിക്കാത്ത പക്ഷം സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പൂരത്തിനിടെ പൊലീസ് കമ്മീഷണർ അഴിഞ്ഞാടിയപ്പോൾ മന്ത്രി രാജൻ സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം എല്ലാം നോക്കിനിന്നു. ആര് പറഞ്ഞാലും ശാന്തനാവാത്ത കമ്മീഷണർ പക്ഷെ സുരേഷ് ഗോപി എത്തിയപ്പോൾ ശാന്തനായെന്നും അദ്ദേഹം പറഞ്ഞു.