കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും ബന്ധുക്കളും നഷ്ടപ്പെട്ട ശ്രുതിക്ക് ഉടന്‍ വീട് ഒരുങ്ങും. വീട് നിര്‍മ്മാണത്തിനായി ബോചെ പത്തു ലക്ഷം രൂപ കൈമാറി.  
പ്രതിശ്രുത വരന്‍ ജെന്‍സനോടൊപ്പം യാത്ര ചെയ്യവേ അപകടത്തില്‍പ്പെട്ട് ജെന്‍സന്‍ മരിക്കുകയും ശ്രുതി അടക്കം 9 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 
ചികിത്സയ്ക്കായി കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രുതിയെ സന്ദര്‍ശിച്ച ബോചെ, ഏട്ടനായി കൂടെയുണ്ടാകുമെന്നും വീട് വെച്ച് നല്‍കുമെന്നും അന്ന് വാഗ്ദാനം നല്‍കിയിരുന്നു. 
ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ബോചെ 10 ലക്ഷം രൂപയുടെ ചെക്ക് നല്‍കി. കല്‍പ്പറ്റയിലെ ശ്രുതിയുടെ വാടക വീട്ടില്‍ വെച്ചാണ് എം.എല്‍.എ അഡ്വക്കേറ്റ് ടി സിദ്ദീഖ്, ആര്‍.ജെ.ഡി. നേതാവ് പി. കെ. അനില്‍കുമാര്‍, മുസ്ലിം ലീഗ് ജില്ലാ നേതാവ് റസാഖ് കല്‍പ്പറ്റ, സി.പി.ഐ. നേതാവ് യൂസുഫ്, നാസര്‍ കുരുണിയന്‍, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് പ്രതിനിധി ഹര്‍ഷല്‍ എന്നിവര്‍ ചേര്‍ന്ന് ശ്രുതിക്ക് ചെക്ക് കൈമാറിയത്. 
പത്തുലക്ഷം കൊണ്ട് സഹായം അവസാനിപ്പിക്കില്ലെന്നും ഇനിയും എന്ത് സഹായം ആവശ്യമുണ്ടെങ്കിലും ചോദിക്കണമെന്നും ജോലി ഉള്‍പ്പെടെ നല്‍കാന്‍ തയ്യാറാണെന്നും ബോചെ പറഞ്ഞു. 
എല്ലാവരോടും നന്ദിയുണ്ടെന്നും ചെയ്യുന്ന സഹായങ്ങള്‍ക്കെല്ലാം സന്തോഷം ഉണ്ടെന്നും ശ്രുതി അറിയിച്ചു. മാതൃകാപരമായ പ്രവര്‍ത്തനമാണ് ബോചെയുടെ  ഭാഗത്തുനിന്നുണ്ടായതെന്നും ഇത്രവേഗം വാക്കു പാലിച്ചത് അദ്ദേഹത്തിന്റെ ചാരിറ്റി ശൈലിയുടെ പ്രത്യേകതയാണെന്നും അഡ്വക്കേറ്റ് സിദ്ദീഖ് എം.എല്‍.എയും പ്രതികരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *