ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഇന്ന് നിശബ്ദ പ്രചാരണം. നാളെ നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 26 മണ്ഡലങ്ങൾ വിധിയെഴുതും. ഹരിയാനയിലെ പിന്നാക്ക വോട്ടുകൾ ഏകോപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ജാതി സമവാക്യങ്ങൾ ഉയർത്തി വോട്ടു നേടാനാകുമെന്നാണ് ബിഎസ്‍പി- ലോക്ദൾ സഖ്യത്തിന്‍റെ കണക്കുകൂട്ടൽ.
ശ്രീനഗർ ജില്ലാ ഉൾപെടുന്ന, ലാൽചൗക്ക്, ഹസ്രത്ത്ബാൽ, ഈദ് ഗാഹ്, രജൗരി, നൗഷേര, പൂഞ്ച് തുടങ്ങി 26 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. 238 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. നാഷണൽ കോൺഫ്രൻസ് വൈസ് പ്രസിഡന്‍റും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധർബൽ മണ്ഡലത്തിൽ ശക്തമായ പ്രചാരണമാണ് നടന്നത്.
ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിലെ പോളിംഗ് ശതമാനം ഉയർന്നത് രണ്ടും മൂന്നും ഘട്ടത്തിൽ ആവർത്തിക്കും എന്നാണ് പാർട്ടികളുടെ വിലയിരുത്തൽ. പ്രചാരണം ചൂട് പിടിച്ച ഹരിയാനയിൽ കോൺഗ്രസ് ദലിത് വിരുദ്ധ പാർട്ടിയാണെന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. കോൺഗ്രസിലെ ഹൂഡ ശെൽജ വിവാദങ്ങൾ ഉയർത്തി ശെൽജയെ ബിജെപിയിലേക്ക് ക്ഷണിച്ചുള്ള പ്രസംഗങ്ങളാണ് മുതിർന്ന നേതാക്കൾ നടത്തുന്നത്.