ടെല്‍അവീവ്: ലെബനനില്‍ ഹിസ്ബുള്ളയ്ക്കെതിരായ വ്യോമാക്രമണം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ലെബനനിലെ സിവിലിയന്‍മാരോട് വീടുകള്‍ ഒഴിയാന്‍ ആഹ്വാനം ചെയ്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഇസ്രായേലിന്റെ യുദ്ധം നിങ്ങളോടല്ല. അത് ഹിസ്ബുല്ലയോടാണ്. വളരെക്കാലമായി ഹിസ്ബുള്ള നിങ്ങളെ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുന്നു..
ഇന്ന് രാവിലെ മുതല്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഐഡിഎഫ് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി വരുന്നു. ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ഈ മുന്നറിയിപ്പ് ഗൗരവമായി എടുക്കുക.
നിങ്ങളുടെ ജീവനും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവനും അപകടത്തിലാക്കാന്‍ ഹിസ്ബുള്ളയെ അനുവദിക്കരുത്. ഞങ്ങളുടെ ഓപ്പറേഷന്‍ പൂര്‍ത്തിയായാല്‍ നിങ്ങള്‍ക്ക് സുരക്ഷിതമായി നിങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്താം,’ നെതന്യാഹു പറഞ്ഞു.
നൂറുകണക്കിന് ഹിസ്ബുള്ള ലക്ഷ്യങ്ങള്‍ക്കെതിരെ ഇസ്രായേല്‍ ഏറ്റവും വ്യാപകമായ വ്യോമാക്രമണം അഴിച്ചുവിട്ടതിന് പിന്നാലെയാണ് മുന്നറിയിപ്പ്. 2006ന് ശേഷം ലെബനനില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ഏതാണ്ട് ഒരു വര്‍ഷത്തെ സംഘര്‍ഷത്തിനിടെ അതിര്‍ത്തി കടന്നുള്ള ഏറ്റവും വലിയ വെടിവയ്പുകള്‍ക്കിടയിലാണ് ഏറ്റവും പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.