കൊച്ചി: തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസിലുണ്ടായ തിരക്കിനെത്തുടര്‍ന്ന് രണ്ട് വനിത യാത്രക്കാര്‍ കുഴഞ്ഞുവീണു. തിങ്കളാഴ്ച രാവിലെ പിറവം റോഡ് എത്തിയപ്പോഴാണ് സംഭവം.
ഒരാൾ കുഴഞ്ഞുവീണതിന് പിന്നാലെ അടുത്തയാളും വീഴുകയായിരുന്നു. സഹയാത്രക്കാർതന്നെ പ്രഥമശുശ്രൂഷ ലഭ്യമാക്കിയതോടെ ഇവർ യാത്ര തുടർന്ന് ബന്ധുക്കൾക്കൊപ്പം എറണാകുളത്തിറങ്ങി.
വന്ദേഭാരത് സർവിസ് ആരംഭിച്ചതോടെ വേണാടിന്റെ സമയം മാറ്റിയതാണ് ദുരിതത്തിന് കാരണമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ആഴ്ചയുടെ ആദ്യദിനമായതിനാലും ഓണാവധി കഴിഞ്ഞ് സ്കൂളുകളും കോളജുകളും തുറക്കുന്നതിനാലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.