കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ ബംഗളുരു ആസ്ഥാനമായി നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ് യൂണികോണ്‍ ഇന്ത്യ വെഞ്ചേഴ്സില്‍ നിന്ന് സീഡ് ഫണ്ട് സമാഹരിച്ചു. ബിസിനസ് വളര്‍ച്ചയ്ക്കും സ്വദേശിവല്‍ക്കരണ പ്രോഗ്രാം മാനേജ്മെന്‍റിനുള്ള സാങ്കേതിക വികസനത്തിനുമായാണ് കമ്പനിയ്ക്ക് സീഡ് ഫണ്ട് ലഭിച്ചത്.നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട എംഎസ്എംഇകളെ ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സംയോജിപ്പിച്ച് വിപ്ലവം സൃഷ്ടിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ക്ക് സീഡ് ഫണ്ടിംഗ് സഹായകരമാകും. എയ്റോസ്പേസ്, ഗ്രീന്‍ ഹൈഡ്രജന്‍, കപ്പല്‍ നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളിലെ നെറ്റ്വര്‍ക്കിംഗ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ് 2023 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.  വെന്‍റപ്പ് വെഞ്ചേഴ്സിന്‍റെ സഹസ്ഥാപകനും സിഇഒയുമായ സന്ദീപ് നായര്‍, വെന്‍റപ്പ് സഹസ്ഥാപകരായ എം. വസീം അങ്ക്ലി (സിഒഒ), ജോസഫ് പനക്കല്‍ (സിഎംഒ) എന്നിവരാണ് സ്റ്റാര്‍ട്ടപ്പിന് പിന്നില്‍. ആഗോള ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഗുണനിലവാരമുള്ള മികച്ച ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് ഒരൊറ്റ പ്ലാറ്റ്ഫോം സൃഷ്ടിക്കാനാണ് വെന്‍റപ്പ് ലക്ഷ്യമിടുന്നതെന്ന് വെന്‍റപ്പ് വെഞ്ചേഴ്സിന്‍റെ സഹസ്ഥാപകനും സിഇഒയുമായ സന്ദീപ് നായര്‍ പറഞ്ഞു. രാജ്യത്തെ ഒരു ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റുന്നതിന് ഇത് കാരണമാകും. നിര്‍മ്മാണ മേഖലയില്‍ ഇറക്കുമതി ചെയ്ത ഘടകങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെയും നിര്‍ണായക പ്രോജക്റ്റുകളില്‍ പ്രാദേശികവത്ക്കരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ സംരംഭങ്ങളുടെ ഭാഗമാകുന്നതിലൂടെയും ഈ മേഖലയിലെ പ്രധാന വെല്ലുവിളികളെ നേരിടാന്‍ വെന്‍റപ്പ് പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2016-ല്‍ സ്ഥാപിതമായ യൂണികോണ്‍ ഇന്ത്യ വളര്‍ന്നുവരുന്നതും ദീര്‍ഘവീക്ഷണമുള്ളതുമായ സ്റ്റാര്‍ട്ടപ്പുകളില്‍ മൂലധനം നിക്ഷേപിക്കുന്ന ഒരു സാങ്കേതിക-കേന്ദ്രീകൃത പ്രാരംഭ-ഘട്ട വെഞ്ച്വര്‍ ഫണ്ടാണ്.ഊര്‍ജ്ജം, ഇവി, എയ്റോസ്പേസ്, പ്രതിരോധ മേഖലകളിലെ നിര്‍ണായക എഞ്ചിനീയറിംഗ് പരിഹാരങ്ങളുടേയും സങ്കീര്‍ണ്ണമായ ഘടകങ്ങളുടെയും പ്രാദേശിക ഉത്പാദനമാണ് വെന്‍റപ്പ് വാഗ്ദാനം ചെയ്യുന്നതെന്ന് സിഒഒ എം. വസീം അങ്ക്ലി പറഞ്ഞു.മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവേശിക്കുന്നതിന് കമ്പനി പദ്ധതിയിടുന്നതായി സിഎംഒ ജോസഫ് പനക്കല്‍ അറിയിച്ചു. ഈ മേഖലയില്‍ ആഗോളതലത്തില്‍ പങ്കാളിത്തം വളര്‍ത്താനും ഇന്ത്യന്‍ നിര്‍മ്മിത ഘടകങ്ങളുടെ മുന്‍നിര കയറ്റുമതിക്കാരന്‍ എന്ന സ്ഥാനം ഉറപ്പിക്കാനുമാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച ടീമിനെ കെട്ടിപ്പടുക്കുക, വൈവിധ്യമാര്‍ന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുക, പുതിയ വിപണികളിലേക്ക് കമ്പനിയെ വിപുലീകരിക്കുക എന്നിവയിലൂടെ വരുമാനം അഞ്ചിരട്ടി വര്‍ദ്ധിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. കൂടാതെ 50 പുതിയ ഉപഭോക്താക്കളെ അതിന്‍റെ പ്ലാറ്റ്ഫോമിലേക്ക് ചേര്‍ക്കാനും വെന്‍റപ്പ് ലക്ഷ്യമിടുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *