വണ്ണപ്പുറം: മദ്യലഭ്യത കുറയ്ക്കുമെന്നത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികകളിൽ ആവർത്തിച്ച് നല്കിയ വാഗ്ദാനമാണെന്നും അത് പാലിക്കാൻ  ഇനിയെങ്കിലും സർക്കാർ തയ്യാറാകണമെന്നും മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെൻ്റ് മാളിയേക്കൽ ആവശ്യപ്പെട്ടു.
പിണറായി സർക്കാരിൻ്റെ, കുടുംബം തകർക്കുന്ന മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിന് മുന്നിൽ മദ്യനിരോധനസമിതി സംസ്ഥാന കമ്മറ്റി 400 ലേറെ ദിവസങ്ങളായി തുടരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് ഐക്യദാർഢ്യം അറിയിച്ച്,ഇടുക്കി ജില്ലാ മദ്യവിരുദ്ധ ജനകീയ മുന്നണി വണ്ണപ്പുറത്ത് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല സ്ക്കൂളുകളായിരിക്കും’ എന്ന് തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണം നടത്തി അധികാരത്തിലേറിയ എല്‍ഡിഎഫ്, കഴിഞ്ഞ 8 വർഷത്തെ ഭരണത്തിനിടെ 902 ബാറുകൾ സംസ്ഥാനത്ത് പുതുതായി തുറന്നു. 
കേരളത്തിലെ ഇന്നത്തെ ഉയർന്ന മദ്യോപയോഗം, നാടെങ്ങും മദ്യക്കടകൾ തുറന്ന് ആളുകളെ പ്രലോഭിപ്പിച്ചും പ്രോത്സാഹിപ്പിച്ചും ഭരണാധികാരികൾ ആസൂത്രിതമായി വളർത്തിയെടുത്തതാണ്. 
സർക്കാരിൻ്റെയും പാർട്ടിയുടെയും ഏറ്റവും വലിയ വരുമാന മാർഗ്ഗമായി പിണറായി സർക്കാർ കാണുന്നത് മദ്യക്കച്ചവടമാണ്.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ 2016-ൽ 29 ബാറുകൾ മാത്രം ഉണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 931 ബാറുകളാണ്. അതിനൊപ്പം ബി വറേജസിൻ്റെ 312 മദ്യക്കടകളും നാലായിരത്തോളം കള്ളുഷാപ്പുകളും വിദേശമദ്യം വിളമ്പുന്ന നിരവധി ക്ലബ്ബുകളും സംസ്ഥാനത്തുണ്ട്. 
ഇതും പോരാതെ ആഴ്ചതോറും പുതിയ ബാറുകൾക്കും ബിവറേജസ് ഔട്ട്ലറ്റുകൾക്കും അനുമതി നല്കിക്കൊണ്ടിരിക്കുകയാണ്. എക്സൈസ് വകുപ്പിൽ  അതീവ രഹസ്യമായാണ് കാര്യങ്ങൾ നടക്കുന്നത്.
ബാറുകളിൽ പരിശോധനയേ നടക്കുന്നില്ല. അവിടെ വില്ക്കുന്നതിൽ അധികവും  കണക്കിൽപ്പെടാത്ത മദ്യമാണ്. ഭരണകക്ഷി നേതാക്കളെയും എക്സൈസ് ,പോലീസ് ഉദ്യോഗസ്ഥരെയും വശത്താക്കി, ബാർ മുതലാളിമാർ   നാടിനെ കൊള്ളയടിയ്ക്കുകയാണ്.
മദ്യനിരോധനസമിതി ജില്ലാ പ്രസിഡൻ്റ് സിൽബി ചുനയംമാക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ. ജയിംസ് ഐക്കരമറ്റം,  ഫാ മാത്യു ചേരോലിൽ , സി.എസ്. റെജികുമാർ, ജയിംസ് കോറമ്പേൽ, സെമ്പാസ്റ്റ്യൻ കൊച്ചടിവാരം, ജോസഫ് മ്രാലയിൽ , സത്യൻ കോനാട്ട് എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *