കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മോഹന്‍ബഗാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-2ന് തോല്‍പിച്ചു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ മുഹമ്മദ് അലി ബെമാമ്മെര്‍ നേടിയ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ആതിഥേയരെ ഞെട്ടിച്ചു.
തൊട്ടുപിന്നാലെ പത്താം മിനിറ്റില്‍ മോഹന്‍ ബഗാന് ആശ്വാസം പകര്‍ന്ന് ദീപേന്ദു ബിശ്വാസ് വല കുലുക്കി. എന്നാല്‍ 24-ാം മിനിറ്റില്‍ അലെദിന്‍ അജറായി നേടിയ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് വീണ്ടും ലീഡെടുത്തു.
ആദ്യ പകുതി 2-1ന് നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കിയെങ്കിലും രണ്ടാം പകുതിയില്‍ മോഹന്‍ ബഗാന്‍ തകര്‍പ്പന്‍ തിരിച്ചുവരവ് കാഴ്ചവച്ചു. 61-ാം മിനിറ്റില്‍ സുഭാശിഷ് ബോസ് ഗോള്‍ നേടി മോഹന്‍ ബഗാനെ ഒപ്പമെത്തിച്ചു. 87-ാം മിനിറ്റില്‍ ജേസണ്‍ കമ്മിംഗ്‌സ് ആതിഥേയരുടെ വിജയഗോള്‍ നേടി.