കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പിൽ ഒരാൾക്കൂടി അറസ്റ്റിൽ. നഗരസഭയിൽ നിന്ന് രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരിക്കോട് വയലിൽ പുത്തൻവീട്ടിൽ എസ്.ശ്യാം കുമാർ (37)നെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
നഗരസഭ ജീവനക്കാരനായ യുവാവ് വ്യാജ പെൻഷൻ അക്കൗണ്ട് നിര്‍മിച്ച് രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ പോവുകയായിരുന്നു. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതിയുടെ ബന്ധുകൂടിയായ ശ്യാംകുമാറിനെ പിടികൂടുന്നത്.
ഇയാൾ തന്റെ ആധാർ കാർഡ് ഉപയോഗിച്ച് യുവാവിന് പുതിയ സിം കാര്‍ഡ് എടുത്തു നൽകിയിരുന്നു. കൂടാതെ പ്രതിക്ക് ഒളിവിൽ താമസിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതായും പോലീസ് കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.