കോഴിക്കോട്: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച ക്ലാപ്‌സ് ലേണ്‍ ഇന്ന് ലോകത്തിലെ മൂല്യമേറിയ കമ്പനികളിലൊന്നായ ‘എന്‍വിഡിയ’യുടെ സ്റ്റാര്‍ട്ടപ്പ് ഇന്‍സെപ്ഷന്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കെ.ജി. മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വ്യക്തിഗത അഭിരുചിക്കനുസരിച്ച് ഒരു കുട്ടിക്ക് ഒരു ടീച്ചര്‍ എന്ന രീതിയില്‍ ഡിജിറ്റല്‍ ടൂള്‍സ് ഉപയോഗിച്ച് കൊണ്ട് പഠിപ്പിക്കുകയാണ് ഈ എഡ്യൂക്കേഷണല്‍ സ്ഥാപനം. ‘ക്ലാപ്‌സ് ലേണ്‍’ അവതരിപ്പിക്കാനൊരുങ്ങുന്ന നൂതനമായ വിദ്യാഭ്യാസ ആശയങ്ങള്‍ക്ക് കരുത്തേകുന്നതായിരിക്കും ‘എന്‍വിഡിയ’യുടെ ഈ അംഗീകാരം.
മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കു മാത്രം ലഭിക്കുന്ന ഈ അംഗത്വത്തിലൂടെ നിര്‍മിത ബുദ്ധിയുടെ സഹായവും പുതിയ പ്രൊജെക്ടുകള്‍ വികസിപ്പിക്കാനുള്ള സോഫ്റ്റ്വെയര്‍ സംവിധാനങ്ങളുമെല്ലാം ക്ലാപ്‌സ് ലേണിന് ലഭിക്കും.
ഇന്ത്യക്കു പുറമേ യു.എ.ഇ, ഒമാന്‍, ഖത്തര്‍, ന്യൂസിലാന്‍ഡ്, കാനഡ തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിലെ കുട്ടികളും രക്ഷിതാക്കളും ക്ലാപ്‌സ് ലേണിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു.
എം.എസ്.സി, ബി.എഡ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് റിഷാദ്, ഫാസില്‍, മുഫ്‌സിര്‍, അംനാസ് എന്നീ ചെറുപ്പക്കാര്‍ 2020ല്‍ ക്ലാപ്‌സ് എന്ന എഡ്‌ടെക് സ്ഥാപനത്തിന് തുടക്കമിട്ടത്. കേരളത്തിലെ 1500ലധികം അധ്യാപകര്‍ക്ക് ഈ എഡ്‌ടെക് സ്ഥാപനം തൊഴില്‍ നല്‍കുന്നു എന്നതും ശ്രദ്ധേയമാണ്.