കോട്ടയം: സെപ്റ്റംബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കാലവര്‍ഷം അവസാനിക്കുന്നു. കാലവര്‍ഷത്തില്‍ ഇക്കുറി രേഖപ്പെടുത്തിയത് 12 ശതമാനം മഴക്കുറവ്. മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് പകല്‍ ചൂട് വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇന്നും നാളെയും താപനില മൂന്നു ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്നു കാലാസ്ഥാ നീരക്ഷികള്‍ മുന്നറിയിപ്പു നല്‍കുന്നു.
 ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കാലവര്‍ഷത്തില്‍ 1935 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 1702.9 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഏറ്റവും കുറവ് ഇടുക്കി (32 ശതമാനം കുറവ് ) വയനാട് (30 ശതമാനം) ജില്ലകളിലാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരാണ്.16 ശതമാനം അധികം. ബാക്കി ജില്ലകളില്‍ ശരാശരി മഴ ലഭിച്ചു. 

അതേ സമയം മഴ കുറഞ്ഞതോടെ പകല്‍ ചൂട് കൂടുന്ന പ്രതിഭാസം തുടരുകയാണ്. 2 മുതല്‍ 3 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. സുര്യന്‍ ഭൂമിമദ്ധ്യ രേഖയ്ക്ക് മുകളിലെത്തുകയും സുര്യരശ്മി നേരിട്ട് ഭൂമിയില്‍ പതിക്കുന്ന ശരത്കാല വിഷുവത്തെ തുടര്‍ന്ന് സുര്യരശ്മി നേരിട്ട് ഭൂമിയില്‍ പതിക്കുന്നതിലാണ് താപനില വര്‍ദ്ധനയുണ്ടാകുന്നത്.

സൂര്യ രശ്മി പതിക്കുന്ന സമയത്ത് മഴമേഘങ്ങളുടെ അഭാവമാണ് സംസ്ഥാനത്ത് താപനില വര്‍ദ്ധനയ്ക്ക് കാരണമാകുന്നത്.മഴ മേഘങ്ങളുണ്ടെങ്കില്‍ താപനില വര്‍ദ്ധിക്കില്ല.കഴിഞ്ഞ വര്‍ഷം ഇത് വലിയ രീതിയില്‍ അനുഭവപ്പെട്ടിരുന്നില്ല.
ഓരോ വര്‍ഷവും മുന്നോട്ടു പോകുംതോറും സെപ്റ്റംബറിലെ ചൂട് വര്‍ധിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ അല്ലെങ്കില്‍ ദുര്‍ബലമാകുന്നതും പിന്നാലെ വേനല്‍ ശക്തമാകുന്നതുമാണ് ഏതാനും വര്‍ഷങ്ങളായി കാണുന്ന പ്രവണത.

നിലവിലെ സാഹചര്യങ്ങള്‍ ശക്തമായ വേനലിന്റെ മുന്നൊരുക്കണമാണോയെന്നു സംശയിക്കുന്ന കാലാവസ്ഥാ നിരീക്ഷകരുമുണ്ട്. മാസാവസാനം വരെ ചൂട് ഉയര്‍ന്നു നില്‍ക്കുമെന്നും ചില ദിവസങ്ങളില്‍ 35 ഡിഗ്രി വരെ ഉയരാമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍, മഴ പൂര്‍ണമായി മാറിയിട്ടില്ല.

25ന് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെടുന്നതോടെ മൂന്ന് ദിവസം പരക്കേ മഴ ലഭിക്കും. താപനിലയും കുറയും. എന്നാല്‍, നിലവില്‍ അതിശക്ത മഴയ്ക്ക് സാദ്ധ്യതയില്ല. സെപ്റ്റംബര്‍ അവസാന വാരത്തോടെ കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ ആരംഭിക്കും.ആ സമയത്തും മഴ അല്‍പ്പം കൂടുതല്‍ ലഭിക്കുമെന്നും കാലാസ്ഥാന നീരക്ഷകര്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *