വൈക്കം: 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ചെന്ന ബസുകള്‍ പൊളിക്കാന്‍ കെ.എസ്.ആര്‍.ടി.സി., എങ്കില്‍ വൈക്കത്ത് ഓടിക്കന്‍ ബസ് ഉണ്ടാകില്ലെന്നു യാത്രക്കാര്‍. കെ.എസ്.ആര്‍.ടി.സിയുടെ പുതിയ തീരുമാനത്തോട് വൈക്കത്തെ യാത്രക്കാര്‍ പരിഹാസ രൂപേണയാണ് മറുപടി നല്‍കുന്നത്.
വൈക്കത്ത് ഇപ്പോള്‍ 50 ബസുകളാണുള്ളത്. ഇതില്‍ പലതും കാലപ്പഴക്കമേറിയവയും. ഇവിടെ നിന്ന് 46 സര്‍വിസുകളാണിപ്പോള്‍ നടത്തുന്നത്. എന്നാല്‍, ട്രിപ്പ് തുടങ്ങി പകുതിയാകുമ്പോഴേയ്ക്കും വണ്ടി വഴിയില്‍ കിടക്കുന്ന അവസ്ഥയാണുള്ളത്.
അത്ര പഴക്കമില്ലാത്ത ബസുകളും പലപ്പോഴും കട്ടപ്പുറത്ത് കിടക്കുന്നത് പതിവാണ്. ഏറെ നാളുകളായി അവഗണനയുടെ വക്കിലാണ് വൈക്കം ഡിപ്പോ. അടുത്ത കാലത്തു അനുവധിച്ച ഒരു ബസ് മാത്രമാണ് വൈക്കം ഡിപ്പോയുടെ നേട്ടമെന്നു പറയാനുള്ളത്.
ഇതിനിടെ യാത്രക്കാരുടെ നിരന്തര ആവശ്യത്തേ തുടര്‍ന്ന് ആലപ്പുഴ, തൊടുപുഴ ചെയിന്‍ സര്‍വീസുകളും പുതുതായി ആരംഭിക്കുകയും ഗുരുവായൂര്‍,കോഴിക്കോട് സര്‍വീസുകളടക്കം കാര്യക്ഷമമായി നടത്താനും തുടങ്ങിയതോടെ ഡിപ്പോയുടെ വരുമാനം വര്‍ധിച്ചിരുന്നു.
കഴിഞ്ഞ ദിവസം 8,30,684 രൂപ കളക്ഷന്‍ നേടിയാണ് ഡിപ്പോ റെക്കാര്‍ഡ് കളക്ഷന്‍ നേടിയത്. കോവിഡിനു ശേഷം ആദ്യമായാണ് ഡിപ്പോ മികച്ച കളക്ഷന്‍ നേടുന്നത്. കാലപ്പഴക്കമേറിയ ബസുകള്‍ മാറ്റിക്കിട്ടിയാല്‍ ഡിപ്പോയെ പഴയ പ്രതാപത്തിലേയ്ക്ക് എത്തിക്കാനാകുമെന്ന് ജീവനക്കാരും യാത്രക്കാരും പറയുന്നത്.