തിരുവനന്തപുരം: ദുരിതാശ്വാസ നിധിയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജപ്രചരണങ്ങള്‍ പാവപ്പെട്ട മനുഷ്യരെ ബാധിക്കുന്നു.
ഇതില്‍നിന്ന് പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്ത് 2135 കോടി ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മാധ്യമങ്ങള്‍ മാത്രമാണ് ഇല്ലാക്കഥ പ്രചരിപ്പിക്കുന്നത് എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനു പിന്നില്‍ രാഷ്ട്രീയം ഉണ്ട്. കേരളത്തെ തകര്‍ക്കാന്‍ സ്വയം ചില മാധ്യമങ്ങള്‍ ആയുധമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
2018 പ്രളയത്തില്‍ സാലറി ചലഞ്ച് തകര്‍ക്കാന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്തുവന്നു. കൊവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ കോണ്‍ഗ്രസ് പ്രേരിപ്പിച്ചു. കൊവിഡ് കാലത്ത് സമര കോലാഹലങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനത്തെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ ആദ്യ അര മണിക്കൂറില്‍ മാധ്യമങ്ങളെ രൂക്ഷമായാണ് വിമര്‍ശിച്ചത്. വ്യാജ വാര്‍ത്തകളുടെ വലിയ പ്രശ്‌നം നുണകള്‍ അല്ലെന്നും അതിന് പിന്നിലുള്ള അജണ്ടകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ സഹായം നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ദുഷ്ട ലക്ഷ്യം ഇതിന് പിന്നിലുണ്ട്. എല്ലാ പിന്തുണയും ഉണ്ടായിരുന്നു.
ആ പിന്തുണയൂം സഹായവും തടയുകയാണ് വ്യാജ വര്‍ത്തകളുടെ അജണ്ട. സമൂഹത്തിന് എതിരായ കുറ്റകൃത്യമാണ്. ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത കൊടുത്തു എന്ന് പറഞ്ഞ് തിരുത്തി. അത് നല്ലകാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.