കോട്ടയം: ഓണാവധി കഴിഞ്ഞു തിങ്കളാഴ്ച സ്‌കൂള്‍ തുറക്കും.. ഇന്നും നാളെയും പൊതു അവധിയും, കുടുംബവും കുട്ടികളുമായി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ തിരക്ക് വര്‍ധിക്കുന്നു. വെള്ളിയാഴ്ച മുതല്‍ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് കൂടിയിരുന്നു.
കുമരകത്തും വാഗമണ്ണിലും ഇല്ലിക്കല്‍കല്ലിലുമെല്ലാം സഞ്ചാരാരികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. വാഗമണ്ണില്‍ ഹോം സ്‌റ്റേകളിലും റിസോര്‍ട്ടുകളിലുമെല്ലാം ബുക്കിങ്ങുകള്‍ ഏറെക്കുറേ പൂര്‍ത്തിയായി.
കുമരകത്തേക്കും വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും പോളശല്യം രൂക്ഷമായത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. പോള ശല്യത്തെ തുടര്‍ന്ന് പലരും മടങ്ങുന്ന കാഴ്ചയാണ് കാണുന്നത്. മുന്‍പു വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് പോളയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രക്ഷപെടുത്തേണ്ടി വന്നിരുന്നു. ഒപ്പം ഹൗസ്‌ബോട്ടുകള്‍ക്കും പോളകാരണം യാത്ര ദുഷ്‌കരമായി മാറിയിട്ടുണ്ട്.
പോള കുമരകത്തിന്റെ ടൂറിസം മേഖലയ്ക്കു കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. പോള നീക്കം ചെയ്യാന്‍ ശാശ്വത പരിഹാരം കാണണമെന്നു കുമരകത്തുകാര്‍ പറയാന്‍ തുടങ്ങിയിട്ടു നാളുകയായെങ്കിലും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല.
ഇതോടെ മികച്ച വരുമാനം കിട്ടേണ്ട സമയത്തും നഷ്ടങ്ങളുടെ കണണക്ക് പറയേണ്ട അവസ്ഥയാണ് ഇവിടുത്തുകാര്‍ക്കുള്ളത്. കുമരകത്ത് കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ജില്ലയിലെ ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഉല്ലാസ യാത്രയിലൂടെ കെ.എസ്.എസ്.ആര്‍.ടി.സിയും വന്‍ ലാഭം ഈ ഓണക്കാലത്ത് ഉണ്ടാക്കി കഴിഞ്ഞു.